ജിദ്ദ – ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാവരും തീര്‍ഥാടനത്തിന് പോകുന്നതിന് മുമ്പ് മെനിംഗോകോക്കല്‍ വാക്‌സിന്‍ എടുക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. വാക്‌സിന്‍ തീര്‍ഥാടകനെയും തീര്‍ഥാടകന് ചുറ്റുമുള്ളവരെയും സംരക്ഷിക്കും. തിരക്കേറിയ സ്ഥലങ്ങളില്‍ അണുബാധക്കുള്ള സാധ്യത ഗണ്യമായി വര്‍ധിക്കും. ശ്വസന കണികകളിലൂടെ പകരുന്ന ഏറ്റവും പ്രധാനപ്പെട്ട പകര്‍ച്ചവ്യാധികളില്‍ ഒന്നാണ് മെനിഞ്ചൈറ്റിസ് രോഗം. പ്രതിരോധ നടപടികള്‍ അവഗണിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.
ഏറ്റവും മികച്ച സംരക്ഷണവും ആന്റിബോഡി വികസനവും ഉറപ്പാക്കാന്‍ ഉംറ നടത്തുന്നതിന് കുറഞ്ഞത് പത്ത് ദിവസം മുമ്പെങ്കിലും വാക്‌സിന്‍ എടുക്കേണ്ടത് പ്രധാനമാണ്. വാക്‌സിന്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷം വരെ പ്രതിരോധശേഷി നല്‍കും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാക്‌സിന്‍ എടുത്തവര്‍ വീണ്ടും വാക്‌സിന്‍ ഡോസ് എടുക്കേണ്ടതില്ല. മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്ലിനിക്കില്‍ വാക്‌സിന്‍ സ്വീകരിക്കാനുള്ള അപ്പോയിന്റ്‌മെന്റ് സിഹത്തീ ആപ്ലിക്കേഷന്‍ വഴി എളുപ്പത്തില്‍ ബുക്ക് ചെയ്ത് ആരോഗ്യ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ ആരോഗ്യ മന്ത്രാലയം എല്ലാ തീര്‍ഥാടകരോടും അഭ്യര്‍ഥിച്ചു.



