ജിദ്ദ – ഹജ് സീസണില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാന്‍ ലക്ഷ്യമിട്ട് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഹജ് ടെര്‍മിനലില്‍ മീഡിയ സെന്റര്‍ തുറന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് സംയോജിത അന്തരീക്ഷം പ്രദാനം ചെയ്യുന്നതിന് കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഹജ് സീസണില്‍ മാധ്യമപ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന് സഹായകമാകും വിധം മാധ്യമപ്രവര്‍ത്തകര്‍ക്ക് പങ്കിട്ട ജോലിസ്ഥലങ്ങള്‍ നല്‍കുകയും തുടര്‍ച്ചയായി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുകയും വിവരങ്ങള്‍ നല്‍കുകയും ചെയ്യും.
ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഹജ് റൂട്ട് ഇനീഷ്യേറ്റീവും ഹജ്, ഉംറ മന്ത്രാലയവും ജനറല്‍ അതോറിറ്റി ഓഫ് മീഡിയ റെഗുലേഷനും മീഡിയ സെന്ററില്‍ പ്രത്യേക പവലിയനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. വാര്‍ത്താ ഏജന്‍സികളും ടെലിവിഷന്‍ ചാനലുകളും അടക്കമുള്ള പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും സെന്റര്‍ സേവനങ്ങള്‍ നല്‍കും. ഇത്തവണത്തെ ഹജ് സീസണില്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയം ഹജ് തീര്‍ഥാടകര്‍ക്ക് 57 പ്രധാന സേവനങ്ങള്‍ നല്‍കുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group