ജിദ്ദ – സൗദി സന്ദര്‍ശനത്തിനിടെ റിയാദില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിറിയക്കെതിരായ ഉപരോധം നീക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ പ്രതികരണമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നന്ദി പ്രകടിപ്പിച്ച് കാണിച്ച ആംഗ്യം വൈകാതെ ഇമോജി ആയി മാറാന്‍ സാധ്യത. സൗദി കിരീടാവകാശിയുടെ അപേക്ഷ മാനിച്ചാണ് സിറിയക്കെതിരായ ഉപരോധം നീക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയപ്പോള്‍ ട്രംപിനോട് നന്ദി പ്രകടിപ്പിച്ചുകൊണ്ട് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്റെ നെഞ്ചില്‍ ഇരുകൈകളും വെക്കുകയായിരുന്നു. കിരീടാവകാശിയുടെ ഈ പ്രതികരണം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സൗദി, അറബിക് സോഷ്യല്‍ മീഡിയയില്‍ ഈ ആംഗ്യം പ്രചരിച്ചതോടെ ആളുകള്‍ ചിത്രങ്ങളിലും വീഡിയോകളിലും അത് പുനര്‍നിര്‍മിച്ചു.
സൗദി കിരീടാവകാശിയില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നെഞ്ചില്‍ കൈകള്‍ വെച്ചുകൊണ്ടുള്ള ഇമോജി നിര്‍മിക്കാനായി സൗദി സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അലി അല്‍മുതൈരി യൂണികോഡ് കണ്‍സോര്‍ഷ്യത്തിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ലോകശ്രദ്ധ പിടിച്ചുപറ്റിയ ഒരു ആത്മാര്‍ഥ നിമിഷമായിരുന്നു അത്. ഈ കാലഘട്ടത്തിന്റെ ഭാഷയില്‍ ഇമോജിയില്‍ അത് അനശ്വരമാക്കപ്പെടാന്‍ അര്‍ഹമാണെന്ന് എനിക്ക് തോന്നി. ഈ ആംഗ്യത്തിന് പ്രചാരം ലഭിച്ചു. ഇപ്പോള്‍ പല മാനുഷിക സാഹചര്യങ്ങളിലും ആഴമായ വിലമതിപ്പ് പ്രകടിപ്പിക്കാന്‍ ഇത് ഉപയോഗിക്കുന്നു – ഇമോജി നിര്‍ദേശിച്ചതിനുള്ള പ്രചോദനം പങ്കുവെച്ച് അലി അല്‍മുതൈരി പറഞ്ഞു.

മേഖലയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ പദപ്രയോഗങ്ങളുമായി പൊരുത്തപ്പെടുന്നതിനൊപ്പം, നന്ദിയുടെയും ബഹുമാനത്തിന്റെയും സൗദി, ഗള്‍ഫ് മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇമോജിയുടെ രൂപകല്‍പന അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായി യൂണിക്കോഡ് കണ്‍സോര്‍ഷ്യത്തിന് ഔദ്യോഗികമായി സമര്‍പ്പിച്ചതായി അലി അല്‍മുതൈരി പറഞ്ഞു. ജാപ്പനീസ് കിമോണോ, ഇന്ത്യന്‍ സാരി, റഷ്യന്‍ മാട്രിയോഷ്‌ക പാവ തുടങ്ങിയ ഇമോജികള്‍ ഇതിനകം തന്നെ നിരവധി സംസ്‌കാരങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. സൗദി, ഗള്‍ഫ് സംസ്‌കാരങ്ങളെ ഈ ആഗോള ഭാഷയില്‍ അംഗീകരിക്കേണ്ട സമയമാണിത് – അലി അല്‍മുതൈരി പറഞ്ഞു.
നിലവില്‍ യൂണികോഡിന്റെ അവലോകനത്തിലുള്ള ഈ നിര്‍ദേശം സോഷ്യല്‍ മീഡിയയില്‍ അഭൂതപൂര്‍വമായ പ്രതികരണങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇമോജിയെ കുറിച്ചുള്ള അലി അല്‍മുതൈരിയുടെ ട്വീറ്റുകളില്‍ ഒന്ന് 24 മണിക്കൂറിനുള്ളില്‍ 32 ലക്ഷത്തിലേറെ വ്യൂസ് നേടി. ആഗോള ഉപയോഗത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കാനാണ് ഈ ഇമോജിയുടെ സൃഷ്ടിയിലൂടെ അലി അല്‍മുതൈരി ലക്ഷ്യമിടുന്നത്. ഈ തരത്തിലുള്ള പ്രോജക്റ്റ് നമ്മളെയെല്ലാം പ്രതിനിധീകരിക്കുന്നു. നമ്മുടെ സ്വന്തം ഭാഷയിലും നമ്മുടെ സ്വന്തം അതുല്യമായ സ്പര്‍ശനത്തിലൂടെയും നമ്മുടെ ചിഹ്നങ്ങളും സംസ്‌കാരവും ആഗോള പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കാന്‍ പ്രവര്‍ത്തിക്കുന്നത് മൂല്യവത്താണെന്ന് യുവാവ് പറയുന്നു.
സൗദി അറേബ്യയിലുടനീളമുള്ള ആളുകളും സിറിയക്കാരും അറബ് ലോകത്തെമ്പാടുമുള്ള മറ്റുള്ളവരും വീഡിയോകളിലും ചിത്രങ്ങളിലും കിരീടാവകാശിയുടെ ഈ ആംഗ്യം പുനഃസൃഷ്ടിച്ചു. ഇത് അഭിനന്ദനത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പ്രതീകമായി മാറി. പ്രത്യേകിച്ച് സൗദികള്‍, തങ്ങളുടെ ഭരണാധികാരികളോടുള്ള അഭിമാനത്തിന്റെയും ആദരവിന്റെയും ശക്തമായ പ്രകടനമെന്നോണം ഈ പ്രവൃത്തിയെ അനുകരിക്കുന്ന വീഡിയോകളും ഫോട്ടോകളും പങ്കിട്ടു. സിറിയക്കെതിരായ ഉപരോധം നീക്കിയതിന് കിരീടാവകാശിയുടെ പിന്തുണ ആഘോഷിക്കാന്‍ സിറിയക്കാരും ഇതേ പ്രവൃത്തിയില്‍ പങ്കുചേര്‍ന്നു.
സിറിയക്കെതിരായ ഉപരോധം നീക്കാനുള്ള തീരുമാനം ലോകമെമ്പാടുമുള്ള സിറിയക്കാര്‍ക്ക് വളരെയധികം മൂല്യവത്താണെന്ന് ഷാര്‍ജയില്‍ താമസിക്കുന്ന സിറിയന്‍ പ്രവാസി ബാസില്‍ അല്‍ഹംവി പറഞ്ഞു. സിറിയക്കെതിരായ ഉപരോധം നീക്കിയതിനെ പിന്തുണച്ചതിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അദ്ദേഹം അഗാധമായ നന്ദി പ്രകടിപ്പിച്ചു. വര്‍ഷങ്ങളുടെ ദുരിതങ്ങള്‍ക്കു ശേഷം, സൗദി കിരീടാവകാശിയെ പോലെയുള്ള പ്രാദേശിക നേതാവ് സിറിയയെ പിന്തുണച്ച് നില്‍ക്കുന്നത് കാണുന്നത് ഞങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. ഇത് ഒരു രാഷ്ട്രീയ ആംഗ്യമായിരുന്നില്ല, വ്യക്തിപരമായ ആംഗ്യമായാണ് തനിക്ക് തോന്നിയത്. ഒടുവില്‍ ഒരാള്‍ ഞങ്ങളുടെ വേദന അംഗീകരിക്കുകയും സഹായഹസ്തം നീട്ടുകയും ചെയ്യുന്നതുപോലെയാണ് തോന്നിയത്. വൈറലായ നെഞ്ചില്‍ കൈചേര്‍ത്തുള്ള ആംഗ്യം ആ പിന്തുണയെ പൂര്‍ണമായി പ്രതീകപ്പെടുത്തുന്നതായും പല സിറിയക്കാരും അതിനെ ഒരിക്കലും മറക്കാത്ത ആത്മാര്‍ഥമായ ഐക്യദാര്‍ഢ്യത്തിന്റെ അടയാളമായി കണ്ടതായും ബാസില്‍ പറഞ്ഞു.
കിരീടാവകാശിയുടെ പ്രവൃത്തിയെ, അതിന്റെ യഥാര്‍ഥ സന്ദര്‍ഭത്തെ മറികടന്ന് സൗദി സംസ്‌കാരത്തെ വളരെക്കാലമായി നിര്‍വചിച്ചിരിക്കുന്ന ഊഷ്മളതയും ഉദാരതയും ഉള്‍ക്കൊള്ളുന്ന ഒന്നായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഫാദി അദവി എന്ന ഉപയോക്താവ് വിശേഷിപ്പിച്ചു. മനുഷ്യന്റെ ഊഷ്മളതയും ആഴത്തിലുള്ള വിലമതിപ്പും സംയോജിപ്പിച്ച ഈ അഭിവാദ്യം വെറും ഒരു ക്ഷണികമായ പ്രവൃത്തിയല്ല, മറിച്ച് ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ അനുകരിക്കുന്ന ഒരു ആവിഷ്‌കാര ഐക്കണായി രൂപാന്തരപ്പെട്ടു – ഫാദി അദവി പറഞ്ഞു. ആ നിമിഷം ആഴത്തില്‍ പ്രതിധ്വനിച്ചു. ചെറുപ്പക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ നിരവധി ആളുകള്‍ ഈ പ്രവൃത്തി അനുകരിച്ചു. അത് പെട്ടെന്ന് രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും വൈറല്‍ പ്രകടനമായി മാറി. കിരീടാവകാശിയുടെ ആശംസ വെറും കൈകളുടെ ചലനമല്ല. അത് സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ്. ആഴമേറിയ അര്‍ഥങ്ങളുള്ള ലളിതമായ ആംഗ്യങ്ങളിലൂടെ നേതാക്കള്‍ക്ക് അവരുടെ ജനങ്ങളെ എങ്ങനെ പ്രചോദിപ്പിക്കാമെന്ന് ഇത് കാണിക്കുന്നതായും ഫാദി അദവി പറഞ്ഞു.