ജിദ്ദ – ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ വന്‍ മയക്കുമരുന്ന് വേട്ട. ചരക്ക് ലോഡില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29,16,180 ലഹരി ഗുളികകള്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പിടികൂടി. സുരക്ഷാ സാങ്കേതികവിദ്യകളും പോലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബക്കറ്റുകളില്‍ സൂക്ഷിച്ച ബട്ടര്‍ ലോഡില്‍ ഒളിപ്പിച്ച ലഹരി ഗുളികകള്‍ കണ്ടെത്തിയതെന്ന് സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അല്‍ഹര്‍ബി അറിയിച്ചു. മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി, മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തതായും ഹമൂദ് അല്‍ഹര്‍ബി കൂട്ടിച്ചേര്‍ത്തു.
സമൂഹത്തെയും ദേശീയ സമ്പദ്വ്യവസ്ഥയെയും സംരക്ഷിക്കാനായി കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത് ശ്രമങ്ങള്‍ ചെറുക്കുന്നതിന് എല്ലാവരും സഹായിക്കണമെന്ന് ഹമൂദ് അല്‍ഹര്‍ബി ആഹ്വാനം ചെയ്തു. മയക്കുമരുന്ന് കടത്തുകളെ കുറിച്ച് സൗദി അറേബ്യക്കകത്തു നിന്ന് 1910 എന്ന നമ്പറിലും വിദേശങ്ങളില്‍ നിന്ന് 009661910 എന്ന നമ്പറിലും ഇ-മെയിലിലും അറിയിക്കാവുന്നതാണ്. മയക്കുമരുന്ന് കടത്തിനെ കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം കൈമാറുമെന്നും ഹമൂദ് അല്‍ഹര്‍ബി പറഞ്ഞു. ജിദ്ദ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ശേഖരം പരിശോധനയില്‍ കണ്ടെത്തുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി പുറത്തുവിട്ടു.



