ജിദ്ദ: വൃക്ക രോഗം ബാധിച്ചു ഇരു കിഡ്നികളും പ്രവർത്തനരഹിതമായതിനെ തുടർന്ന് പ്രയാസത്തിലായ മുൻ പ്രവാസിക്ക് സഹായവുമായി കണ്ണമംഗലം മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ് സ്മാരക റിലീഫ് സെൽ (മാസ് റിലീഫ് സെൽ). കണ്ണമംഗലം പഞ്ചായത്തിലെ ചേറൂർ നിവാസിയായ മുൻ പ്രവാസിക്കുള്ള സഹായം ഒ.ഐ.സി.സി ജിദ്ദ റീജ്യണൽ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ മാസ് റിലീഫ് സെൽ ജനറൽ കൺവീനർ മജീദ് ചേറൂറിന് കൈമാറി.
നിർധനർക്കും നിരാലംബർക്കും താങ്ങും തണലുമായി ഭവന നിർമ്മാണം, സമൂഹ വിവാഹം, തൊഴിൽ സഹായം, ചികിത്സാ സഹായമുൾപ്പെടെ വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ മാസിന്റെ പ്രവർത്തനങ്ങൾ ഏറെ മാതൃകാപരവും അഭിനന്ദനീയവുമാണെന്നും ഹക്കീം പാറക്കൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് രൂപീകരിച്ച മാസ് ചുരുങ്ങിയ കാലയളവിനുള്ളിൽ സമാനതകളില്ലാത്ത കാരുണ്യപ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളതെന്നും തുടർന്നും മാസ് ഏറ്റെടുക്കുന്ന സൽപ്രവൃത്തികൾക്ക് പൂർണ്ണ പിന്തുണ നലൽകുമെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി ജിദ്ദ റീജ്യണൽ കമ്മിറ്റി ഭാരവാഹികളായ അസ്ഹാബ് വർക്കല, ഷെരീഫ് അറക്കൽ, സഹീർ മാഞാലി, അലി തേക്കുതോട്, രാധാ കൃഷ്ണൻ കാവുംബായ്, ആസാദ് പോരൂർ, മുജീബ് തൃത്താല, ഷൗക്കത്ത് പരപ്പനങ്ങാടി, ജലീഷ് കാളികാവ്, മലപ്പുറം ജില്ലാ ഒഐസിസി പ്രസിഡന്റ് ഹുസൈൻ ചുള്ളിയോട്, ഒഐസിസി കണ്ണമംഗലം പ്രസിഡന്റ് അക്ബർ വാളക്കുട, ഇല്യാസ് കണ്ണമംഗലം, കെസി ഷരീഫ് ഉൾപ്പെടെ ഒഐസിസി നേതാക്കൾ സംബന്ധിച്ചു.
വിവാഹം സ്വപ്നമായി കഴിഞ്ഞിരുന്ന പത്തൊമ്പത് പെൺകുട്ടികൾക്ക് ദാമ്പത്യ ജീവിതം സാധ്യമാക്കാനും നിർധനരായ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകാനും നിരവധി രോഗികൾക്ക് ചികിത്സ സഹായം എത്തിക്കാനും മെഡിക്കൽ ക്യാമ്പ് നടത്താനും തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മാസിന് സാധിച്ചു. മാസ് നിർമ്മിക്കുന്ന മൂന്നാമത്തെ വീടിന്റെ (മാസ് ഭവനം-3) നിർമ്മാണം അവസാന ഘട്ടത്തിലാണെന്നും മാസ് റിലീഫ് സെൽ ഭാരവാഹികളായ മജീദ് ചേറൂർ, അക്ബർ വാളക്കുട, ഇല്യാസ് കണ്ണമംഗലം, ഷെരീഫ് കെ. സി എന്നിവർ അറിയിച്ചു.