ഇസ്താംബൂൾ: തുര്‍ക്കിയിലെ പ്രസിദ്ധമായ സക്കറിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും തുര്‍ക്കി ഭാഷയില്‍ ഡോക്ടറേറ്റ് നേടി കാസർക്കോട് സ്വദേശി അഹ്മദ് ഇസ്‌ഹാഖ് ഇര്‍ശാദി ഹുദവി. ഇസ്ലാമിക് ആന്റ് ആര്‍ട്‌സ് ഡിപ്പാര്‍ട്‌മെന്‍റില്‍ ‘ദക്ഷിണേന്ത്യയിലെ ഇസ്ലാമിക വ്യാപനം’ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. തുര്‍ക്കിഷ് ഭാഷയിലായിരന്നു ഗവേഷണ പ്രബന്ധം അവതരിപ്പിച്ചത്.
ഡോ. സാഹിം ഇല്‍മാസിന്‍റെ മേൽനോട്ടത്തിലായിരുന്നു ഗവേഷണ പഠനം നിർവ്വഹിച്ചത്. കാസര്‍ഗോഡ് മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിലായിരുന്നു പ്രാഥമിക പഠനം. ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ നിന്നും ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ ഇസ്‌ഹാഖ് ഓള്‍ ഇന്ത്യ പി എച്ച് ഡി പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയില്‍ തന്നെ പി എച്ച് ഡിക്ക് അഡ്‌മിഷന്‍ നേടിയിരുന്നു. അതിനിടയിലായിരുന്നു മുഴുവന്‍ സ്‌കോളര്‍ഷിപ്പോടെ സക്കറിയ യൂണിവേഴ്‌സിറ്റിയില്‍ അഡ്‌മിഷന്‍ ലഭിച്ചത്.
കാസര്‍ഗോഡ് ചെമ്പരിക്കയിലെ ഇബ്‌റാഹിമിന്‍റേയും ഖൈറുന്നീസയുടെയും മകനാണ് ഇസ്‌ഹാഖ് ഹുദവി. കാസര്‍ഗോഡ് കുണിയയിലെ പ്രസിദ്ധ വ്യാപാരി ഇബ്‌റാഹിം ഹാജിയുടെയും നസീമയുടെയും മകള്‍ ഉമൈറയാണ് ഭാര്യ. കെ എം സി സി തുർക്കി നാഷണൽ കമ്മിറ്റി ജന. സെക്രട്ടറി കൂടിയാണ് ഇസ്ഹാഖ് ഹുദവി.