മദീന- നിനച്ചിരിക്കാത്ത നേരത്ത് മരണം കൊണ്ടുപോയ 46 പേരുടെ അന്ത്യകർമ്മങ്ങൾക്ക് സാക്ഷിയായി മദീന. ഉംറ തീർത്ഥാടനം പൂർത്തിയാക്കി മദീനയിലേക്ക് തിരിക്കുന്നതിനിടെ അപകടത്തിൽ മരിച്ച 46 പേരുടെ മൃതദേഹം മദീനയിലെ ജന്നത്തുൽ ബഖീയിൽ മറവു ചെയ്തു. മദീനയിലേക്കുള്ള യാത്രക്കിടെ ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് 46 പേർ മരിച്ചത്. ഹൈദരാബാദിൽനിന്നുള്ള ഉംറ തീർത്ഥാടകരാണ് അപകടത്തിൽ മരിച്ചത്.


ഹൈദരാബാദ് ന്യൂനപക്ഷ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം മദീനയിൽ എത്തിയിരുന്നു. ഇന്ന് ഉച്ചക്ക് ദുഹർ നമസ്കാരത്തിന് ശേഷമാണ് 46 പേരുടെ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടന്നത്. അന്ത്യ കർമ്മങ്ങളിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘവും നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകാൻ മദീനയിൽ എത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തിൽനിന്ന് ഒരാള്‍ മാത്രമാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. മദീനയില്‍ നിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെ മുഫ്‌രിഹത്തിന് സമീപം പുലര്‍ച്ചെ ഇന്ത്യന്‍ സമയം ഒന്നരയോടെയാണ് ബസ് അപകടത്തില്‍ പെട്ടത്.
നവംബര്‍ ഒമ്പതിന് ഹൈദരാബാദില്‍ നിന്ന് ജിദ്ദയിലേക്ക് യാത്ര ചെയ്ത സംഘം നവംബര്‍ 23 ന് മടങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. 54 അംഗ സംഘത്തില്‍ നാലു പേര്‍ കാറില്‍ മദീനയിലേക്ക് വെവ്വേറെ പോയി. മറ്റ് നാലു പേര്‍ മക്കയില്‍ തന്നെ തുടര്‍ന്നു. ബാക്കിയുള്ള 46 പേരാണ് ബസ് മാര്‍ഗം മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്ര തിരിച്ചത്. ഇവരാണ് അപകടത്തിൽ പെട്ടത്.
അപകടത്തില്‍ മരിച്ച തെലങ്കാനയില്‍ നിന്നുള്ള 45 തീര്‍ഥാടകരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.



