റിയാദ്- സൗദി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി, ലുലു ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന ലുലു വാക്കത്തോൺ ഈ മാസം 15-ന് നടക്കും. രാവിലെ 7:00 ന് ന്യൂ ഖോബാർ കോർണിഷിൽ നിന്ന് ആരംഭിക്കുന്ന മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള വാക്കത്തോൺ സുസ്ഥിര ഭാവി എന്ന ആശയം ലക്ഷ്യമാക്കിയാണ് സംഘടിപ്പിക്കുന്നത്. വാക്കത്തോണിന് പുറമെ നിരവധി ദൃശ്യ വിരുന്നുകളും പങ്കെടുക്കുന്നവർക്കായി ഒരുക്കിയിട്ടുണ്ട്.
മനോഹരമായ സി ഷോ, അതിശയിപ്പിക്കുന്ന സ്വേ പോൾ ഡാൻസ്, ഉജ്ജ്വലവും പരമ്പരാഗത അറബിക് നൃത്തവുമായ അർദാ, രസകരമായ ടൂറിങ് ഷോ എന്നിവയെല്ലാം ചടങ്ങിന്റെ മാറ്റ് കൂട്ടും. ശാരീരിക ആരോഗ്യത്തിനൊപ്പം കലാ-സാംസ്കാരിക മികവിനെയും ഉയർത്തിപ്പിടിക്കുന്ന അപൂർവ മുഹൂർത്തമായിരിക്കും ഇത്.
ലുലു വാക്കത്തോൺ 2025, ആവേശകരമായ റാഫിൾ ഡ്രോയോടു കൂടിയാകും സമാപിക്കുക. പങ്കെടുക്കുന്നവർക്ക് ഐഫോൺ 16 പ്രോ മാക്സ്, ഹെൽത്ത് ട്രാക്കിംഗ് ബാൻഡുകൾ, ബൈസിക്കിളുകൾ എന്നിവ ഉൾപ്പെടെ അതിമനോഹരമായ സമ്മാനങ്ങൾ നേടാനുള്ള അവസരമുണ്ടാകും. കൂടാതെ, പങ്കെടുത്ത എല്ലാവർക്കും ഒരു സൗജന്യ മെർച്ചൻഡൈസ് കിറ്റും ഗൂഡി ബാഗും നൽകും.
‘ഹാൻഡിക്രാഫ്റ്റ് (ചരിത്രപരമായ കൈത്തൊഴിലുകൾ) സംരക്ഷിക്കുക’ എന്ന ആശയം കൈക്കൊണ്ടാണ് ഈ വർഷത്തെ വാക്കത്തോൺ സംഘടിപ്പിക്കുന്നത്. ‘സാഫ്’ (Saaf) എന്ന് പേരുനല്കിയിട്ടുള്ള മാസ്കോട്ട് ഈ വർഷം വോക്കത്തോണിൽ സൗദി അറേബ്യയുടെ സമ്പന്ന സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കും. നെസ്ലെ, മാസ്റ്റർകാർഡ് എന്നീ പ്രമുഖ ബ്രാൻഡുകളും അൽ ഖോബർ മുനിസിപ്പാലിറ്റി, റെഡ് ക്രസൻറ്, പൊലീസ് വകുപ്പുകൾ പോലുള്ള സർക്കാർ അതോറിറ്റികളും ലുലു വാക്കത്തോൺ 2025 ന് ശക്തമായ പിന്തുണ നൽകും. 12000 -ത്തിൽ പരം വോക്കേഴ്സ് ആണ് ഇതിനോടകം വാക്കത്തോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. താല്പര്യമുള്ള കൂടുതൽ ആളുകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം ലുലു ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കുന്നവർക്ക് വാക്കത്തോണിന് ശേഷം അവരുടെ അനുഭവങ്ങൾ #go_green എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാം.