ജിദ്ദ – കഴിഞ്ഞ ഹജ് സീസണ്‍ 50 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഹജ് സീസണായിരുന്നെന്ന് ഹജ്, ഉംറ മന്ത്രി ഡോ.തൗഫീഖ് അല്‍റബീഅ. നുസുക് ആപ്പ് ഉപയോക്താക്കളുടെ എണ്ണം നാലു കോടി കവിഞ്ഞതായും അദ്ദേഹം പറഞ്ഞു. ‘മക്കയില്‍ നിന്ന് ലോകത്തിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന അഞ്ചാമത് ഹജ് കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എ.ഐ സവിശേഷത ഉപയോഗിച്ച് നുസുക് ആപ്പ് വികസിപ്പിക്കുന്നതോടെ ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താനും മികച്ചതും വേഗതയേറിയതുമായ സേവനങ്ങള്‍ നല്‍കാനും സാധിക്കും. ഇത് തീര്‍ഥാടകര്‍ക്ക് അവരുടെ ആത്മീയ യാത്രയിലുടനീളം സംവദിക്കാനും തല്‍ക്ഷണ മാര്‍ഗനിര്‍ദേശങ്ങളും വിവരങ്ങളും ലഭിക്കാനും അവസരമൊരുക്കും.


വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കനുസൃതമായി തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഹജ്, ഉംറ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളെ വികസിപ്പിക്കാനായി മന്ത്രാലയം 30 പ്രോഗ്രാമുകള്‍ ആരംഭിച്ചതായും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
തീര്‍ഥാടകരുടെ മതപരവും സാംസ്‌കാരികവുമായ അനുഭവം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹജ്, ഉംറ മന്ത്രാലയം മക്കയിലും മദീനയിലും 71 ചരിത്ര സ്ഥലങ്ങളും ലക്ഷ്യസ്ഥാനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ഇതിനു ശേഷം ഈ കേന്ദ്രങ്ങള്‍ 30 ലക്ഷത്തിലേറെ പേര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇവരുടെ സംതൃപ്തി നിരക്ക് 95 ശതമാനത്തിലധികമാണ്.
അടുത്ത ഹജിന് മുന്നോടിയായി 50 ശതമാനം പുണ്യസ്ഥലങ്ങളുടെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള ഒരുക്കങ്ങള്‍ ദുല്‍ഖിഅ്ദ ആരംഭത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. ടൂറിസം മന്ത്രാലയവുമായി സഹകരിച്ച് തീര്‍ഥാടകര്‍ക്കായുള്ള 70 ശതമാനത്തിലേറെ റെസിഡന്‍ഷ്യല്‍, ഹോട്ടല്‍ കെട്ടിടങ്ങളും ഒരുക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 60 ശതമാനത്തിലേറെ ഹജ് തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സേവനങ്ങള്‍ നല്‍കാനുള്ള കരാറുകള്‍ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്. ബാക്കിയുള്ള കരാറുകള്‍ ഹജ് സീസണിന് നാല് മാസം മുമ്പ് പൂര്‍ത്തിയാക്കുമെന്നും ഹജ്, ഉംറ മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഹജ് സീസണില്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും ഏകീകൃത ശ്രമങ്ങള്‍ നടത്തുകയും സംയോജിത സേവനങ്ങള്‍ നല്‍കുകയും ചെയ്തു. ഇത് തീര്‍ഥാടക സംതൃപ്തി നിരക്ക് 91 ശതമാനമായി ഉയര്‍ത്തി. 2022 ലെ ഹജ് കാലത്ത് തീര്‍ഥാടക സംതൃപ്തി നിരക്ക് 74 ശതമാനമായിരുന്നു. ഹജ് സീസണിന്റെ വിജയത്തിന് സംഭാവന നല്‍കിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. വരാനിരിക്കുന്ന ഹജ് സീസണിനായുള്ള ഒരുക്കങ്ങള്‍ ദുല്‍ഹജ് 13 ന് ആരംഭിച്ചിരുന്നു. സുപ്രീം ഹജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തിലും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി പൂര്‍ണ സഹകരണത്തോടെയും നേരത്തെയുള്ള തയാറെടുപ്പോടെയും ഹജ്, ഉംറ മന്ത്രാലയം പ്രവര്‍ത്തനം ആരംഭിച്ചതായും ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു.
ജിദ്ദയിലെ സൂപ്പര്‍ഡോമില്‍ നടക്കുന്ന ത്രിദിന സമ്മേളനം മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഹജ് സീസണിന്റെ വിജയത്തെയും അതിന്റെ അസാധാരണമായ സംഘാടനത്തെയും സേവനങ്ങളെയും ഗവര്‍ണര്‍ പ്രശംസിച്ചു. ഇത് ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ ഏജന്‍സികളുടെയും വലിയ പരിശ്രമവും സഹകരണവും പ്രതിഫലിപ്പിക്കുന്നു. ഹജ്, ഉംറ തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങള്‍ തുടര്‍ച്ചയായി വികസിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ വ്യക്തമാക്കി.



