ജിസാൻ:എടരിക്കോട് സ്വദേശിയും പരേതനായ പരുത്തികുന്നൻ മുഹമ്മദ് ഹാജിയുടെ മകനും കെ.എം.സി.സി ബൈഷ് ഏരിയാ കമ്മിറ്റി പ്രസിഡണ്ടുമായ പരുത്തികുന്നൻ കോമുഹാജി (53) ഹൃദയാഘാതത്തെ തുടർന്ന് ബൈഷിൽ നിര്യാതനായി. ഇരുപത് വർഷത്തോളമായി സൗദിയിൽ പ്രവാസ ജീവിതം നയിച്ചുവരുന്ന കോമുഹാജി ഏഴ് വർഷമായി ബൈഷിലെ റിവൈവ കമ്പനി മാനേജരായി പ്രവർത്തിച്ചുവരികയായിരുന്നു. രാത്രി നെഞ്ചു വേദനയെ തുടർന്ന് സബിയ ജനറൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വേദികളിലെ പരിചിത മുഖവും ബൈഷ് ഏരിയാ കമ്മിറ്റിയുടെ അമരക്കാരനുമായി സംഘടനാ തലത്തിൽ നിറഞ്ഞുനിന്നിരുന്ന കോമുഹാജി മികച്ച പ്രാസംഗികനും ആഴത്തിൽ അറിവുള്ള പണ്ഡിതനുമായിരുന്നു. കോമുഹാജിയുടെ വിയോഗത്തിൽ ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നേതാക്കൾ അനുശോചിച്ചു.
എടരിക്കോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് അഞ്ചുകണ്ടൻ ഉണ്ണിപാത്തുമ്മയാണ് മാതാവ്. ഭാര്യ- ഷമീമ മണ്ണിങ്ങൽ. മക്കൾ മുഹമ്മദ് യാസീൻ(ദുബായ്),മുഹമ്മദ് അഞ്ചൽ,ഫാത്തിമ ഷെൻസ.
സഹോദരങ്ങൾ മുഹമ്മദ് അഷ്റഫ്,മുഹമ്മദ് ഷാഫി,മുഹമ്മദ് ഇഖ്ബാൽ,റംല,സജിന,ബുഷ്റ മോൾ.