ജിദ്ദ: സൗദി അറേബ്യയുടെ ചരിത്രത്തിൽ ഇതാദ്യമായി മുഴുവൻ പ്രവിശ്യകളെയും ബന്ധപ്പെടുത്തി ഫുട്ബോൾ മാമാങ്കത്തിന് കളമൊരുക്കുകയാണ് കെ.എം.സി.സി. സൗദി അറേബ്യയിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ കെ.എം.സി.സി വിപുലമായ ഒരുക്കങ്ങളും സന്നാഹങ്ങളുമായാണ് ഫുട്ബോൾ മത്സരത്തിന് എത്തുന്നത്. ഈ പശ്ചാതലത്തിൽ ജിദ്ദയിലെ ഫുട്ബോൾ കൂട്ടായ്മയായ സിഫിന്റെ പ്രസിഡന്റ് ബേബി നീലാമ്പ്രയും കെ.എം.സി.സി ചീഫ് കോ ഓർഡിനേറ്റർ മുജീബ് ഉപ്പടയും ദ മലയാളം ന്യൂസുമായി സംസാരിക്കുന്നു.
(സൗദിയിലെ ഏറ്റവും വലിയ കാൽപ്പന്ത് കൂട്ടായ്മയായ സിഫിന്റെ അമരത്ത് മൂന്ന് ടേമായുള്ള ബേബി നീലാമ്പ്ര ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ സംഘാടകനാണ്. 2005 മുതൽ കെ.എം.സി സി റിയാദ് കോ ഓർഡിനേറ്ററായും സൗദിയിലെ ഒട്ടുമിക്ക നഗരങ്ങളിലും കെ.എം.സി.സി യുടെ മൽസരങ്ങൾ ഒരുക്കുന്നതിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് മുജീബ് ഉപ്പട)
എന്തുകൊണ്ട് കെ.എം.സി.സി ഫുട്ബോളിലേക്ക്
സന്നദ്ധ സാംസ്കാരിക മേഖലയിൽ കയ്യൊപ്പ് ചാർത്തിയ സംഘടനയായ കെ.എം.സി.സി എന്തുകൊണ്ടാണ് ഫുട്ബോൾ മത്സരത്തിലേക്ക് തിരിഞ്ഞത് എന്ന് പലരും ചോദിക്കുന്നുണ്ട്. യഥാർത്ഥത്തിൽ കെ.എം.സി.സി ആദ്യമായി സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരമല്ല ഇത്. ഇതിന് മുമ്പ് ഒട്ടുമിക്ക പ്രവിശ്യകളിൽ കെ.എം.സി.സി ഫുട്ബോൾ മത്സരം നടത്തി വിജയിപ്പിച്ചിരുന്നു. 1984 ൽ റിയാദ് കെ.എം.സി.സി കമ്മിറ്റി സൗദിയിൽ ആദ്യ ഫുട്ബോൾ ക്ലബ്ബായ സെൻട്രൽ ബ്രദേഴ്സിന് രൂപം നൽകുകയും 85 ൽ ആദ്യ ടൂർണ്ണമെൻ്റിന് അരങ്ങൊരുക്കുകയും ചെയ്തു. 2005 മുതൽ റിയാദ് കെ.എം.സി.സി സജീവമായി കലാകായിക മൽസരങ്ങൾക്ക് വേദിയൊരുക്കുന്നുണ്ട്. അവയൊക്കെ മഹാമേളകളായിട്ടാണ് അവസാനിച്ചിട്ടുള്ളത്. ഇന്ന് സൗദിയിലെ ഒട്ടുമിക്ക പ്രവിശ്യകളിലും മത്സരങ്ങൾ സംഘടിപ്പിച്ചു പോരുന്നുണ്ട്. അടുത്ത വർഷങ്ങളിലായി സൗദിയിലെ മുഴുവൻ കെ.എം.സി.സി കമ്മിറ്റികളെയും ഉൾപ്പെടുത്തി വലിയൊരു കാൽപ്പന്ത് മൽസരത്തിനും നാഷണൽ കെ.എം.സി.സി കമ്മിറ്റി പദ്ധതിയൊരുക്കുന്നുണ്ട്.
പ്രവാസ ലോകത്ത് ആളുകൾ പലപ്പോഴും കടുത്ത മാനസിക സംഘർഷത്തിലാണ് കഴിഞ്ഞുവരുന്നത്. അവർക്കൊരു മാനസിക ഉല്ലാസത്തിനും അവരെ പോസിറ്റീവായി ഉത്തേജിപ്പിക്കുക എന്നതുമാണ് ഫുട്ബോൾ മത്സരം കൊണ്ടു ലക്ഷ്യമിടുന്നത്. എല്ലാവർക്കും സന്നദ്ധ പ്രവർത്തനത്തിൽ താല്പര്യമുണ്ടാകണം എന്നില്ല. അതേസമയം, അവർക്ക് കായിക മേഖലയിലായിരിക്കും ചിലരുടെ താൽപര്യം. അവരെ കൂടി ലക്ഷ്യമിട്ടാണ് ഇത്തരത്തിലുള്ള ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നത്.
കെ.എം.സി.സി കായിക വിഭാഗത്തിന്റെ കീഴിൽ ഇനിയും മത്സരങ്ങൾ സംഘടിപ്പിക്കും. ഏറ്റവും ജനകീയമായ കായിക വിനോദം എന്ന നിലയിലാണ് ഫുട്ബോളിനെ ആദ്യം തെരഞ്ഞെടുത്തത്. സൗദിയിൽ ലോകകപ്പ് ഫുട്ബോൾ വരുന്നതിന് മുന്നോടിയായി കെ.എം.സി.സിയെ ഒരുക്കുക എന്ന വിദൂരലക്ഷ്യവും ഉണ്ട്. സമീപഭാവിയിൽ തന്നെ ക്രിക്കറ്റ് അടക്കമുള്ള മത്സരങ്ങളും കെ.എം.സി.സി സൗദിയിൽ വിപുലമായി സംഘടിപ്പിക്കും.
രണ്ട് മാസത്തിലേറെ നീണ്ടു നിൽക്കുന്ന മേള ജിദ്ദക്കു പുറമെ യാമ്പു , റിയാദ് , ദമാം തുടങ്ങിയ നഗരങ്ങളിലും അരങ്ങേറുക. റിയാദിലാണ് കലാശ പോരാട്ടം. ഉദ്ഘാടന ചടങ്ങിനെ പോലെ സമാപന ചടങ്ങിലും വ്യത്യസ്തമായ കലാപരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.
പ്രവാസികളുടെ പ്രതികരണം.
സത്യത്തിൽ പ്രവാസികൾ ഈ മത്സരത്തെ ആവേശപൂർവ്വം കാത്തിരിക്കുകയാണ് എന്ന് വിളിച്ചോതുന്ന പ്രതികരണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്. മത്സരത്തിന്റെ ഓരോ വിശദാംശങ്ങളും ആളുകൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നുണ്ട്. മത്സരത്തിന്റെ ദിവസം വരാനായി കാത്തിരിക്കുകയാണ് ആളുകൾ. സ്പോൺസർമാരും ഞങ്ങൾക്ക് വലിയ പിന്തുണയാണ് നൽകുന്നത്.
ഒരുക്കങ്ങൾ
ജിദ്ദ വസീരിയയിലെ അൽതാവുൻ അക്കാദമി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് ഉദ്ഘാടകൻ. മെയ് 17 ന് വെള്ളിയാഴ്ച 4.30 ന് തന്നെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം അനുവദിക്കും. കെ.എം.സി.സിയുടെയും മറ്റു സാംസ്കാരിക കൂട്ടായ്മകളുടെയും മാർച്ച് പാസ്റ്റും മറ്റു കലാരൂപങ്ങളും ബാൻ്റ് മേളവും ഉദ്ഘാടനത്തിന് കൊഴുപ്പേകും. ഒപ്പന, കോൽക്കളിയും ഒരുക്കിയിട്ടുണ്ട്. കെ.എം.സി.സി യുടെ ദേശീയ നേതാക്കളും ജിദ്ദയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർക്കൊപ്പം പ്രസിദ്ധ ചലച്ചിത്ര നിർമ്മാതാവ് നൗഷാദ് ആലത്തൂരും പങ്കെടുക്കും . ഉൽഘാടന മൽസരമൊഴികെ മറ്റു കളികളൊക്കെ ജാമിഅ സ്റ്റേഡിയത്തിലായിരിക്കും അരങ്ങേറുക.
6.30 ന് ആരംഭിക്കന്ന ആദ്യ മൽസരത്തിൽ എൻ കംഫർട്ട് എ.സി.സി റീം റിയൽ കേരളയുമായും രണ്ടാം മൽസരത്തിൽ എച്ച് എം ആർ യാമ്പു എഫ്.സി ചാം സ് സബീൻ എഫ്.സിയുമായി ഏറ്റുമുട്ടും . മൽസരം വീക്ഷിക്കാനെത്തുന്ന ഭാഗ്യശാലികളായ കാണികൾക്കായി സോണാ ജ്വല്ലേഴ്സ് ഒരുക്കുന്ന ഗിഫ്റ്റ് വൗച്ചർ സമ്മാനമായി നൽകും. സൗദി പ്രവാസ ലോകത്തെ കാൽപ്പന്ത് മേളയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിട്ടുണ്ട്.
വരും വർഷങ്ങളിലും തുടരുമോ
കെ.എം.സി.സി ഫുട്ബോൾ തുടർന്നുള്ള വർഷങ്ങളിലും തുടരാനാണ് തീരുമാനം. സൗദി അറേബ്യയിലെ പ്രവാസികളുടെ ഏറ്റവും വലിയ കാൽപ്പന്തുമേളയായി ഇതിനെ മാറ്റിയെടുക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. ഈ മത്സരം പ്രവാസിയുടെ ഖൽബ് കീഴടക്കും എന്നുറപ്പാണ്. അത്തരത്തിലുള്ള പ്രതികരണമാണ് ഞങ്ങൾക്ക് ലഭിക്കുന്നത്.
സൗദിയിലെ ഏറ്റവും വലിയ കാൽപ്പന്ത് കൂട്ടായ്മയായ സിഫിനെ മൂന്ന് ടേമായി അമരത്തുള്ള ബേബി നീലാമ്പ്ര ജിദ്ദയിലെ പ്രമുഖ ഫുട്ബോൾ സംഘാടകനാണ്. 2005 മുതൽ കെ.എം.സി സി റിയാദ് കോ ഓർഡിനേറ്ററായും സൗദിയിലെ ഒട്ടുമിക്ക നഗരങ്ങളിലും കെ.എം.സി.സി യുടെ മൽസരങ്ങൾ ഒരുക്കുന്നതിൽ കഴിവ് തെളിയിച്ച മുജീബ് ഉപ്പടയും കൈകോർക്കുമ്പോൾ മൽസരങ്ങളുടെ ആവേശം വാനോളമുയരുമെന്നതിൽ തർക്കമില്ല