ജിദ്ദ: ഇന്ത്യയടക്കമുള്ള വിദേശ രാജ്യങ്ങളിലുള്ളവർക്ക് തൊഴിലെടുക്കാൻ വാതിലുകൾ തുറന്നുകൊടുത്ത രാജ്യമാണ് സൗദി അറേബ്യ. ലക്ഷക്കണക്കിന് വിദേശ തൊഴിലാളികൾ മാന്യമായി ഉപജീവനം നടത്തുകയും അതിനുള്ള സൗഹൃദാന്തരരീക്ഷം രാജ്യം ഉറപ്പുനൽകുകയും ചെയ്യുന്നു. എന്നിരിക്കെ ഏതെങ്കിലും ഒരു തൊഴിലാളി നേരിടേണ്ടിവന്ന കഷ്ടപ്പാടുകളെ പെരുപ്പിച്ചും ഇല്ലാക്കഥകൾ പടച്ചുവിട്ടും സിനിമകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും രാജ്യത്തെ അധിക്ഷേപിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാന്നെന്നും കാന്തപുരം അബുബക്കർ മുസ്‌ലിയാർ വ്യക്തമാക്കി.
സൗദി അറേബ്യയുടെ 94 ആം ദേശീയ ദിനത്തോടനുബന്ധിച്ച് വിശുദ്ധ ഹറാമുകളുടെ സേവകൻ സൽമാൻ രാജാവിനും, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അയച്ച അഭിനന്ദന കുറിപ്പിലാണ് ഇക്കാര്യം കാന്തപുരം വ്യക്തമാക്കിയത്.
വിശുദ്ധ ഹറം ലക്ഷ്യമാക്കി വരുന്ന ലക്ഷക്കണക്കിന് തീർത്ഥാടകർക്ക് പ്രയാസരഹിതമായി കർമ്മങ്ങൾ നിർവ്വഹിക്കുവാൻ അത്യാധുനിക ടെക്നോളജിയുടെ സഹായത്താൽ സൗദി സർക്കാർ ചെയ്യുന്ന സേവന വികസന പ്രവർത്തനങ്ങൾ അവർണ്ണനീയമാണ്. സൗദി വിഷൻ 2030 ന്റെ ഭാഗമായി മൂന്ന് മില്യൺ തീർത്ഥാടകരെ സ്വീകരിക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുവാൻ സൗദി ഭരണകൂടം നടത്തുന്ന അടിസ്ഥാന വികസനം, ഗതാഗത സൗകര്യങ്ങൾ, നഗരനിർമ്മാണങ്ങൾ, ലോകോത്തര നിലവാരങ്ങളിലുള്ള സംവിധാനങ്ങൾ എന്നിവയിലൂടെ തീർത്ഥാടകർക്ക് ലളിതമായി അവരുടെ കർമ്മങ്ങൾ പൂർത്തിയാക്കുവാൻ കഴയുന്നു. കൂടാതെ, ഇസ്‌ലാമിക ചരിത്ര പ്രാധാന്യമുള്ള പൗരാണിക സ്ഥലങ്ങൾ സംരക്ഷിക്കുന്നതിലുള്ള രാജ്യത്തിൻ്റെ താൽപ്പര്യവും എടുത്തുപറയേണ്ടതാണ്.
തീവ്രവാദ, ഭീകരവാദ ചിന്തകളെ ഉന്മൂലനം ചെയ്യുന്നതിലും സമൂഹത്തിൽ വിദ്വേഷവും വിഭാഗീയതയും ഇളക്കിവിടുന്നവരെ നേരിടുന്നതിലും സൗദി അറേബ്യ നേതൃത്വപരമായ പങ്കാളിത്വം നിർവ്വഹിക്കുന്നു. മധ്യനിലപാടും സഹിഷ്‌ണുതയുമുള്ള മാതൃകയാണ് രാജ്യം സ്വീകരിച്ചുപോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൗദിയുടെ 94 ആം ദേശീയദിനത്തിൽ വിശുദ്ധ ഹറമുകളുടെ സംരക്ഷകൻ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ സമൂഹത്തിന്റെ ഊഷ്മളമായ അഭിനന്ദനങ്ങളും സന്തോഷവും അറിയിച്ചുകൊണ്ടാണ് കാന്തപുരം തന്റെ അഭിനന്ദനക്കുറിപ്പ് അവസാനിപ്പിക്കുന്നത്.