റിയാദ് – കല്ലുമ്മൽ എഫ്.സി.യും റിയാദ് സോക്കർ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച അക്കാദമിത്തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ, ഫോകോ സോക്കർ അക്കാദമി ദമ്മാം യുണൈറ്റഡ് ഫുട്ബോൾ അക്കാദമി റിയാദിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി.
വെള്ളിയാഴ്ച രാവിലെ ആരംഭിച്ച ടൂർണമെന്റിൽ ഇന്ത്യ, അറബ് രാജ്യങ്ങൾ, ശ്രീലങ്ക എന്നിവിടങ്ങളിലെ ടീമുകൾ പങ്കെടുത്തു. സെമിഫൈനലിൽ റിയാദ് സോക്കർ അക്കാദമിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് ഫോകോ സോക്കർ ഫൈനലിലെത്തിയത്. അതേസമയം, ഗ്രാസ് റൂട്ട്സ് അക്കാദമി ദമ്മാമിനെ സഡൻഡെത്തിൽ പരാജയപ്പെടുത്തിയാണ് യുണൈറ്റഡ് ഫുട്ബോൾ അക്കാദമി റിയാദ് ഫൈനലിലേക്ക് പ്രവേശിച്ചത്.
വാശിയേറിയ ഫൈനൽ പോരാട്ടത്തിന്റെ തുടക്കത്തിൽ തന്നെ ഫോകോ സോക്കറിനായി അക്രം ലീഡ് നേടി കൊടുത്തു . വീണ്ടും ഇരുടീമുകളും ശക്തമായ ആക്രമണത്തിലൂടെ ആരാധകരെ ആവേശത്തിലാക്കിയെങ്കിലും അക്രം വീണ്ടും വല കുലുക്കി ലീഡ് ഇരട്ടിയാക്കി ഫോകോ വിജയം ഉറപ്പിച്ചു. ഫൈനലിലെ മാൻ ഓഫ് ദി മാച്ച് പട്ടവും അക്രത്തിനായിരുന്നു.
മത്സരങ്ങൾ റിയാദിലെ അറിയപ്പെടുന്ന റഫറിമാരായ നൗഷാദ്, അൻസാർ, ആദിൽ എന്നിവർ നിയന്ത്രിച്ചു. ടൂർണമെന്റിലെ മികച്ച കീപ്പർ ആസിം (യുണൈറ്റഡ് ഫുട്ബോൾ അക്കാദമി – റിയാദ്) മികച്ച പ്രധിരോധ കളിക്കാരൻ ഹിഷാം ( ഫോകോ സോക്കർ അക്കാദമി ദമ്മാം), ടൂർണമെന്റിലെ ടോപ് സ്‌കോറർ അക്രം (ഫോകോ സോക്കർ അക്കാദമി ദമ്മാം), ഏറ്റവും നല്ല കളിക്കാരൻ ഹിഷാം (ഫോകോ സോക്കർ അക്കാദമി ദമ്മാം) എന്നിവരെ തെരെഞ്ഞടുത്തു.
ചാമ്പ്യന്മാർക്കുള്ള ട്രോഫി യുണൈറ്റഡ് എഫ് സി റിയാദ് പ്രസിഡണ്ട് ബാബു മഞ്ചേരിയും റണ്ണേഴ്‌സിനുള്ള ട്രോഫി റിയാദ് സോക്കർ അക്കാദമി കോച്ച് ആത്തിഫ് ബുഖാരിയും സമ്മാനിച്ചു. കമ്മു സലിം, ഫൈസൽ പാഴൂർ, ചെറിയാപ്പു മേൽമുറി, കാദർ പാഴൂർ ഷഫീഖ് വള്ളുവമ്പ്രം, മജീദ് ബക്‌സർ, ജാനിസ്, ബാവ ഇരുമ്പുഴി, മിഷാൽ, ഷബീർ മലപ്പുറം, നൗഷാദ് ഇന്ത്യനൂർ, ജസീം കരുവാരക്കുണ്ട്, അബ്‌ദു എന്നിവർ വിജയികൾക്കുള്ള മെഡലുകൾ കൈമാറി ശാമിൽ പാഴൂർ, ആത്തിഫ്, ദാമിൻ, അബ്ദുൽ ഹാദി എന്നിവർ നേതൃത്വം നൽകി.