ജിദ്ദ – ജിദ്ദ വാക്ക്‌സ് 2 സംരംഭത്തിന്റെ ശൈത്യകാല പതിപ്പിന് ഡിസംബര്‍ 25 മുതല്‍ ജിദ്ദയില്‍ തുക്കമാകും. നഗരത്തിലെ പ്രധാന പ്രധാന നടപ്പാതകള്‍ ജിദ്ദ വാക്ക്‌സ് 2 പദ്ധതിക്ക് സാക്ഷ്യം വഹിക്കും. ജീവിത നിലവാരം മെച്ചപ്പെടുത്താനും ശാരീരിക പ്രവര്‍ത്തന നിലവാരം വര്‍ധിപ്പിക്കാനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനുമുള്ള ജിദ്ദ ഗവര്‍ണറേറ്റിന്റെ ശ്രമങ്ങളുടെ ഭാഗമായാണിത്.
ആരോഗ്യ മന്ത്രാലയത്തിന്റെയും കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയും വാക്കിംഗ് ചലഞ്ച് ആപ്പുമായി സഹകരിച്ചുമാണ് ജിദ്ദ വാക്ക്‌സ് 2 നടപ്പാക്കുന്നതെന്ന് ജിദ്ദ നഗരസഭ പറഞ്ഞു. പദ്ധതിയില്‍ പങ്കാളിത്തം വഹിക്കുന്നവരുടെ രജിസ്‌ട്രേഷനുള്ള ഔദ്യോഗിക പ്ലാറ്റ്ഫോമാണ് വാക്കിംഗ് ചലഞ്ച് ആപ്പ്.
ജിദ്ദ വാക്ക്‌സ് 2 നാല് ആഴ്ചക്കാലം നീണ്ടുനില്‍ക്കും. എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് പരിപാടി നടക്കുക. നടത്ത സംസ്‌കാരം ശക്തമാക്കാനും സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നിലക്ക് വ്യത്യസ്ത പ്രായക്കാര്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രവര്‍ത്തനങ്ങളും പ്രചോദനാത്മക പരിപാടികളും ഇതില്‍ അടങ്ങിയിരിക്കും.
ജിദ്ദ വാക്ക്‌സ് 2 പരിപാടിയില്‍ പങ്കെടുക്കാന്‍ വാക്കിംഗ് ചലഞ്ച് ആപ്പ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യല്‍ നിര്‍ബന്ധമാണ്. ഇത് തങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ട്രാക്ക് ചെയ്യാനും ചലഞ്ചുകളില്‍ പങ്കെടുക്കാനും ഈ സംരംഭത്തിന്റെ അനുബന്ധ പ്രചോദന പരിപാടികള്‍ പ്രയോജനപ്പെടുത്താനും അനുവദിക്കുന്നു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും അനുബന്ധ പരിപാടികളില്‍ പങ്കെടുക്കുന്നതിന് തയ്യാറെടുക്കാനും ജിദ്ദ നഗരസഭ നഗരവാസികളോടും സന്ദര്‍ശകരോടും ആഹ്വാനം ചെയ്തു. ഇത് ആരോഗ്യ സംരംഭങ്ങളെ പിന്തുണക്കുന്നതില്‍ സമൂഹത്തിന്റെ പങ്ക് വര്‍ധിപ്പിക്കുകയും നടത്തത്തിനും സജീവമായ ജീവിതത്തിനും അനുയോജ്യമായ നഗരമെന്ന നിലയില്‍ ജിദ്ദയുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുമെന്ന് നഗരസഭ പറഞ്ഞു.



