ജിദ്ദ – ഇറാന്‍ യുദ്ധം മൂലം ഗള്‍ഫ് ഉള്‍ക്കടല്‍ വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതിനാല്‍ ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന ജിദ്ദ ഇസ്‌ലാമിക് തുറമുഖം വിദേശ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതി സ്വീകരിച്ചു തുടങ്ങി. നിലവിലെ സാഹചര്യവും വര്‍ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും കണക്കിലെടുത്ത്, തുറമുഖത്ത് കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യല്‍ വേഗത്തിലാക്കുന്നതിനൊപ്പം, ശേഷി വര്‍ധിപ്പിച്ചിട്ടുമുണ്ട്. രണ്ട് ദിവസം മുമ്പ്, സൗദി തുറമുഖ അതോറിറ്റി മെഴ്സ്‌ക് നടത്തുന്ന പുതിയ എ.ഇ 19 ഷിപ്പിംഗ് സര്‍വീസ് ജിദ്ദ ഇസ്‌ലാമിക് തുറമുഖവുമായി കൂട്ടിച്ചേര്‍ക്കുന്നതായി അറിയിച്ചു. ഇത് സൗദി അറേബ്യക്കും ആഗോള വിപണികള്‍ക്കും ഇടയിലുള്ള സമുദ്ര ബന്ധം ശക്തിപ്പെടുത്താനും അന്താരാഷ്ട്ര വ്യാപാരത്തിന്റെ സുഗമമായ ഒഴുക്കിനെ പിന്തുണക്കാനും തുറമുഖത്തെ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും സഹായിക്കും.
പുതിയ ഷിപ്പിംഗ് സര്‍വീസ് ജിദ്ദ ഇസ്‌ലാമിക് തുറമുഖത്തെ ചൈനയിലെ ഷാങ്ഹായ്, ക്വിംഗ്ദാവോ, നിങ്ബോ, സിന്‍ഗാങ് തുറമുഖങ്ങള്‍, ദക്ഷിണ കൊറിയയിലെ ബുസാന്‍, മലേഷ്യയിലെ തന്‍ജംഗ് പെലെപാസ്, ദക്ഷിണാഫ്രിക്കയിലെ ഗുഡ് ഹോപ്പ് കേപ്പ്, പടിഞ്ഞാറന്‍, കിഴക്കന്‍ മെഡിറ്ററേനിയനിലെ ഹബ്ബുകള്‍, സിംഗപ്പൂര്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നു. ഇതിന് 17,000 കണ്ടെയ്‌നറുകള്‍ വരെ കൈകാര്യം ചെയ്യാനുള്ള ശേഷിയുണ്ട്. ആഗോള സമുദ്ര ഗതാഗത ഭൂപടത്തില്‍ ജിദ്ദ തുറമുഖത്തിന്റെ മത്സരശേഷി വര്‍ധിപ്പിക്കാനും ദേശീയ കയറ്റുമതിയെ പിന്തുണക്കാനും പുതിയ വിപണികളിലേക്ക് പ്രവേശിക്കാന്‍ സൗദി കമ്പനികളെ പ്രാപ്തമാക്കാനും അങ്ങിനെ ആഗോള ലോജിസ്റ്റിക് പ്രകടന സൂചകങ്ങളില്‍ രാജ്യത്തിന്റെ റാങ്കിംഗ് മെച്ചപ്പെടുത്താനും സൗദി തുറമുഖ അതോറിറ്റി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്.
ജിദ്ദ തുറമുഖത്തിന്റെ പ്രവര്‍ത്തന പ്രക്രിയകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും അതിന്റെ മത്സര നേട്ടം പരമാവധിയാക്കാനും ഗതാഗത, ലോജിസ്റ്റിക്‌സ് മേഖല വികസിപ്പിക്കുന്നതില്‍ സൗദി വിഷന്‍ 2030 ലക്ഷ്യങ്ങളെ പിന്തുണക്കാനും പ്രാദേശിക, ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബ്, അന്താരാഷ്ട്ര വ്യാപാരത്തിനുള്ള ലിങ്ക് എന്നീ നിലകളില്‍ രാജ്യത്തിന്റെ പങ്ക് ശക്തിപ്പെടുത്താനും പുതിയ ഷിപ്പിംഗ് സര്‍വീസ് സഹായിക്കുന്നു.
സൗദിയില്‍ ചെങ്കടല്‍ തീരത്തെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന തുറമുഖങ്ങളിലൊന്നായ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ട് രാജ്യത്തെ ആഗോള വിപണികളുമായി ബന്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. അന്താരാഷ്ട്ര വ്യാപാരം മെച്ചപ്പെടുത്താനും ആഗോള വിതരണ ശൃംഖലകളെ സേവിക്കാനും സഹായിക്കുന്ന വിപുലമായ അടിസ്ഥാന സൗകര്യങ്ങളും സംയോജിത ലോജിസ്റ്റിക്‌സ് സൗകര്യങ്ങളും ഇവിടെയുണ്ട്.



