ജിദ്ദ- വർഗീയ പ്രചാരണങ്ങൾ നടത്തി ഇന്ത്യയിലെ ജനങ്ങളെ സാമുദായികമായി ഭിന്നിപ്പിച്ചു നിർത്തി അധികാരത്തിലേറാനുള്ള സംഘ്പരിവാർ അജണ്ടക്ക് തടയിട്ട ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ വിശ്വാസികൾക്കും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നന്ദി പ്രകാശിപ്പിച്ചു.
രാജ്യത്തിന്റെ ഭരണഘടനയെയെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാനും മതേതരത്വത്തെയും ഫെഡറലിസത്തെയും രക്ഷിക്കാനും കൂട്ടായി പോരാടി ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് മുന്നിൽനിന്ന ഇന്ത്യ സഖ്യത്തിൻ്റെ നേതാക്കളെ കെ.എം.സി.സി അഭിനന്ദിച്ചു. വലിയ പ്രതിസന്ധികളിലൂടെ കടന്നു പോവുന്ന ഇന്ത്യ രാജ്യത്തെ ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിൽ നിന്ന് മോചിപ്പിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇന്ത്യയിലെ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തിയും രാജ്യത്തിൻ്റെ ഭരണ ഘടന, രഹസ്യാന്വേഷണ ഏജൻസികളായ സി.ബി.ഐ, ഇ.ഡി. ജുഡീഷ്യറി എന്നി സ്ഥാപനങ്ങളെല്ലാം വരുതിയിലാക്കിയുമാണ് ഭരണം നടത്തിയത്. ഈ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ഭരണഘടനാ സംരക്ഷണ പോരാട്ടം വിജയം കണ്ടുവെന്ന് എന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
ന്യൂനപക്ഷ സമൂഹത്തിന്റെ അവകാശങ്ങൾ കവർന്നെടുത്തും സംഘപരിവാറിനോട് മൃദു സമീപനം കാണിച്ചും, അഴിമതിയും സ്വജനപക്ഷപാതവും മാത്രം കൈമുതലാക്കിയ പിണറായി വിജയന്റെ ഏകാധിപത്യ ഭരണത്തിനെതിരെയും ഈ തിരഞ്ഞെടുപ്പിലൂടെ പ്രതികരിച്ച കേരള ജനതയെയും ജിദ്ദ കെഎംസിസി അഭിനന്ദിച്ചു.
മലപ്പുറത്തിന്റെ വളർച്ചയെ എന്നും വർഗീയതയുടെ നിറം കൊടുത്തു പഴിചാരുന്നവർക്ക് മലപ്പുറത്തെ മുഴുവൻ ജനങ്ങളും ഹിന്ദുവും, മുസ്ലിമും ക്രിസ്ത്യാനിയും ഒരുമിച്ചു പ്രതികരിച്ച ചരിത്ര വിജയമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ഇ.ടി.മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും വിജയമെന്നും കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് സി കെ എ റസാക്ക് മാസ്റ്റർ, ജനറൽ സെക്രട്ടറി വി.പി മുസ്തഫ എന്നിവർ അഭിപ്രായപ്പെട്ടു.