ജിദ്ദ – നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിലെ ആരോഗ്യ വിഭാഗത്തിനു കീഴിലെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയും ന്യൂറോസയന്‍സ് ആന്റ് ട്രോമ സെന്ററും നാഷണല്‍ ഗാര്‍ഡ് മന്ത്രി അബ്ദുല്ല ബിന്‍ ബന്ദര്‍ രാജകുമാരന്‍ നാടിന് സമര്‍പ്പിച്ചു. ഊര്‍ജം, പരിസ്ഥിതി, ചുറ്റുമുള്ള ആരോഗ്യ സംവിധാനവുമായുള്ള ബന്ധം എന്നിവ ഫലപ്രദമായും കാര്യക്ഷമമായും കണക്കിലെടുക്കുന്ന സുസ്ഥിര രൂപകല്‍പനയോടെ ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്.
പതിനാലു നിലകളില്‍, 467 കിടക്ക ശേഷിയോടെ നിര്‍മിച്ച ആശുപത്രിയുടെ കെട്ടിട വിസ്തീര്‍ണം ഒരു ലക്ഷം ചതുരശ്രമീറ്ററാണ്. ആറു നിലകളിലുള്ള ന്യൂറോസയന്‍സ് ആന്റ് ട്രോമ സെന്ററിന് 60,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ട്. ഇവിടെ 252 കിടക്കകളാണുള്ളത്. ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഈ മേഖലയിലെ ശാസ്ത്രം, പരിശീലനം, ഗവേഷണം, നൂതനാശയങ്ങള്‍ എന്നിവക്കുള്ള കേന്ദ്രമാകുന്നതിനുമായി ഉയര്‍ന്ന യോഗ്യതയുള്ള ഒരു കൂട്ടം ആരോഗ്യ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ഏറ്റവും കൃത്യമായ ന്യൂറോളജിക്കല്‍ സ്‌പെഷ്യാലിറ്റികളില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം ജിദ്ദ കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയും ന്യൂറോസയന്‍സ് ആന്റ് ട്രോമ സെന്ററും നാഷണല്‍ ഗാര്‍ഡ് മന്ത്രി ചുറ്റുനടന്നുകണ്ടു.