ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ മേൽ നോട്ടത്തിൽ നാലാമത് അന്താരാഷ്ട്ര ഹജ് ഉംറ കോൺഫറൻസിലും എക്സ്പോയിലും പങ്കെടുക്കാനായി പ്രമുഖ പണ്ഡിതൻ ഡോ.ഹുസൈൻ മടവൂർ ജിദ്ദയിലെത്തി. എൺപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർ പറഞ്ഞു. ജിദ്ദയിലെ സൂപ്പർഡോം സ്റ്റേഡിയത്തിൽ അമ്പതിനായിരം ചരുരശ്ര മീറ്ററിൽ ഒരുക്കിയ പ്രദർശനം ഒരു ലക്ഷം ആളുകൾ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നാല് ദിവസത്തെ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുളള മന്ത്രിമാർ, അംബാസിഡർമാർ, ഹജ് വകുപ്പ് മേധാവികൾ, ഇസ്ലാമിക പണ്ഡിതന്മാർ തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യൻ ഹജ് ക്വോട്ട കരാറിൽ ഒപ്പ് വെക്കാനെത്തിയ ഹജിൻ്റെ ചുമതലയുള്ള കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജ്ജു ഈ കോൺഫറൻസിൽ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും വലിയ ഹജ് കോൺഫറൻസാണിത്. മക്ക ഗവർണ്ണർ അമീർ ഖാലിദ് അൽ ഫൈസൽ, ഹജ് വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിൻ ഫൗസാൻ അൽ റബീഅ, മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദുൽ കരീം അൽ ഈസ എന്നിവരടങ്ങിയ ഉന്നത സർക്കാർ സമിതിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.