ബവാദി (ജിദ്ദ): മനുഷ്യന് ദൈവം നൽകിയ മഹാ അനുഗ്രഹമാണ് ആരോഗ്യമെന്നും അത് കൃത്യമായി പരിപാലിക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണെന്ന് അൽഫ ഹെൽത് കെയർ ക്ലിനിക്കിലെ ഫിസിഷൻ ഡോ. റിയാസ് അഭിപ്രായപ്പെട്ടു. ജിദ്ദാ ദഅവാ കോഓർഡിനേഷൻ കമ്മിറ്റി “വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം” എന്ന ശീർഷകത്തിൽ സപ്തംബർ 27 ന് ജിദ്ദയിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസിന്റെ ബവാദി ഏരിയാതല പ്രചാരണോത്ഘാടനത്തിൽ ആരോഗ്യ സംരക്ഷണം വിശ്വാസിയുടെ ബാധ്യത എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രവാചകന്റെ അധ്യാപനങ്ങളിൽ പോലും ദുർബലനായ വിശ്വാസിയേക്കാൾ ദൈവപ്രീതിക്ക് പ്രാപ്തനും ഉത്തമനും ശക്തവാനായ വിശ്വാസിയാണെന്ന് കാണാനാകും. മനുഷ്യൻ തന്റെ ജീവിത ലക്ഷ്യം മറന്ന് ജീവിതം കേവലം ആസ്വാദനമാണെന്ന മിഥ്യാ ധാരണയിൽ കുത്തഴിഞ്ഞ ജീവിതം നയിക്കുമ്പോഴാണ് ജീവിത ശൈലീ രോഗങ്ങൾ സമൂഹത്തെ കാർന്നു തിന്നുന്നത്. സമ്പാദ്യത്തിലും ഭക്ഷണത്തിലും ഇസ്‌ലാം അനുശാസിക്കുന്ന സൂക്ഷ്മത പുലർത്തി ജീവിക്കാൻ ശ്രമിച്ചാൽ ആരോഗ്യമുള്ള ഒരു ജീവിതം സാധ്യമാകുമെന്നും അദ്ദേഹം ഉണർത്തി.
ജെ.ഡി.സി.സി. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ സുനീർ പുളിക്കൽ ഉത്ഘാടനം ചെയ്തു. ബവാദി ഏരിയാ പ്രസിഡന്റ് ശിഹാബ് കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ശഫീഖ് സ്വലാഹി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. പരിഗണനയും സ്നേഹവും അനുസരണയും ഒപ്പം പരസ്പര വിശ്വാസവുമാണ് സംതൃപ്ത കുടുംബ ജീവിതത്തിന്റെ ആണിക്കല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇണകൾ ഉത്തരവാദിത്തങ്ങൾ മറക്കുന്നിടത്ത് ശൈഥില്യങ്ങൾ കടന്നുവരും. അതില്ലാതിരിക്കാൻ എന്താണ് കടുംബമെന്ന് തിരിച്ചറിയുകയും കുടുംബ ജീവിതത്തെ ഗൗരവത്തോടെ സമീപിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ഉണർത്തി.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ വാഴക്കാട്, അനസ് ബിൻ മാലിക് മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് റഫീഖ് സുല്ലമി തുടങ്ങിയവർ ആശംസകൾ നേർന്നു. റൗനഖ് ഓടക്കൽ, അബ്ബാസ് പുൽപറ്റ, മുത്തലിബ്, ബദറുദ്ധീൻ, അബ്ദുൽ ജബ്ബാർ, യൂസുഫ് ഹംദാനിയ തുടങ്ങിയവർ നേതൃത്വം നൽകി. ആക്ടിംഗ് സെക്രട്ടറി ഷമീർ മേക്കുത്ത് സ്വാഗതവും മുജീബ് തച്ചമ്പാറ നന്ദിയും പറഞ്ഞു.