ജിദ്ദ – മരുന്ന് വ്യവസായം പ്രാദേശികവല്‍ക്കരിക്കുന്ന ദിശയിലെ സുപ്രധാന ചുവടുവെപ്പെന്നോണം അഡ്വാന്‍സ്ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറി (ബി ഫാര്‍മ) വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഉദ്ഘാടനം ചെയ്തു. സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നോളജി സോണ്‍സ് സി.ഇ.ഒ എന്‍ജിനീയര്‍ മാജിദ് അല്‍അര്‍ഖൂബി ചടങ്ങില്‍ സന്നിഹിതനായിരുന്നു.
രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തെ പിന്തുണക്കാനും വികസിപ്പിക്കാനും മരുന്ന് നിര്‍മ്മാണം പ്രാദേശികവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കാനും മരുന്ന് വിതരണ ശൃംഖലകളുടെ കാര്യക്ഷമത മെച്ചപ്പെടുത്താനും പുതിയ ഫാക്ടറി പ്രധാന സംഭാവന നല്‍കും. ആദ്യ ഘട്ടം 45 കോടിയിലേറെ റിയാല്‍ നിക്ഷേപത്തോടെ നടപ്പാക്കിയ ഫാക്ടറി തന്ത്രപ്രധാനമായ ദേശീയ പദ്ധതികളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ മൊത്തം നിക്ഷേപം 65 കോടിയിലേറെ റിയാലിലെത്തുമെന്ന് പ്രതീക്ഷ. ഇത് രാജ്യത്തെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിന്റെ വളര്‍ച്ചയിലും സുസ്ഥിരതയിലും ആത്മവിശ്വാസം പ്രതിഫലിപ്പിക്കുന്നു.
ഏകദേശം 38,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഫാക്ടറി, ഏറ്റവും പുതിയ എന്‍ജിനീയറിംഗ്, പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഏറ്റവും നൂതനമായ വ്യാവസായിക സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ഉല്‍പാദന, പ്രവര്‍ത്തന സംവിധാനങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഉല്‍പാദന കാര്യക്ഷമത വര്‍ധിപ്പിക്കുകയും ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ത്തുകയും ചെയ്യുന്നു.
ബി ഫാര്‍മ ഫാക്ടറിയില്‍ അണുവിമുക്ത ഉല്‍പ്പന്നങ്ങള്‍ക്കുള്ള അത്യാധുനിക ഉല്‍പാദന ലൈനുകളുണ്ട്. ആദ്യ ഘട്ടത്തിന് പ്രതിവര്‍ഷം ഏകദേശം 25 കോടി യൂണിറ്റ് ഉല്‍പാദന ശേഷിയാണ്. രണ്ടാം ഘട്ടത്തില്‍ പ്രതിവര്‍ഷ ഉല്‍പാദന ശേഷി 45 കോടിയിലേറെ യൂണിറ്റായി വര്‍ധിക്കും. സ്റ്റാന്‍ഡേര്‍ഡ് ഇന്‍ട്രാവണസ് സൊല്യൂഷനുകള്‍, എമര്‍ജന്‍സി-തീവ്രപരിചരണ മരുന്നുകള്‍, കണ്ണ് തുള്ളികള്‍, ശ്വസന ഉല്‍പ്പന്നങ്ങള്‍, ഹൃദ്രോഗ മരുന്നുകള്‍, ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ മരുന്നുകള്‍, ഹെമോസ്റ്റാസിസ് ഉല്‍പ്പന്നങ്ങള്‍ എന്നിവ ബി ഫാര്‍മ ഫാക്ടറി ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.
ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പദ്ധതി സഹായിക്കുന്നു. ആദ്യ ഘട്ടത്തില്‍ ഏകദേശം 250 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ട്. രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ ജീവനക്കാരുടെ എണ്ണം 600 ലേക്ക് എത്തുമെന്ന് കരുതുന്നു. പ്രത്യേക പരിശീലനത്തിലൂടെയും വികസന പരിപാടികളിലൂടെയും സ്വദേശി പ്രതിഭകളെ ശാക്തീകരിക്കുന്നതില്‍ ഫാക്ടറി പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും.
ഉയര്‍ന്ന നിലവാരമുള്ള തൊഴിലവസരങ്ങളും പ്രത്യേക പരിശീലന വികസന പരിപാടികളും ലഭ്യമാക്കി, നൂതന ഔഷധ വ്യവസായങ്ങളെ നയിക്കാന്‍ പ്രാപ്തിയുള്ള ദേശീയ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിലും വികസിപ്പിക്കുന്നതിലും പദ്ധതി വലിയ ഊന്നല്‍ നല്‍കുമെന്ന് ബി ഫാര്‍മ സി.ഇ.ഒ റദ്‌വാന്‍ ബാറ്റര്‍ജി വ്യക്തമാക്കി. ഇത് മരുന്ന് വ്യവസായ മേഖലയുടെ സുസ്ഥിരതയും വളര്‍ച്ചയും വര്‍ധിപ്പിക്കുന്നു. കയറ്റുമതി വിപുലീകരണത്തില്‍ ഫാക്ടറി ശ്രദ്ധ കേന്ദ്രീകരിക്കും. ഉല്‍പ്പാദനത്തിന്റെ ഏകദേശം 30 ശതമാനം ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങള്‍, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലെ വിപണികളിലേക്ക് നീക്കിവെക്കും. ഇത് മരുന്ന് വ്യവസായങ്ങളുടെ പ്രാദേശിക കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തും. ഔഷധ വ്യവസായത്തെ പ്രാദേശികവല്‍ക്കരിക്കുക, ഔഷധ സുരക്ഷ വര്‍ധിപ്പിക്കുക, പ്രാദേശിക ഉള്ളടക്കം വര്‍ധിപ്പിക്കുക, സുസ്ഥിര വ്യാവസായിക വികസനത്തെ പിന്തുണക്കുക എന്നിവയിലൂടെ രാജ്യത്തിന്റെ വിഷന്‍ 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സംഭാവന നല്‍കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതയെന്നും ബി ഫാര്‍മ സി.ഇ.ഒ റദ്‌വാന്‍ ബാറ്റര്‍ജി പറഞ്ഞു



