ജിദ്ദ – സൗദി, ഇന്ത്യ നാവിക സേനകള്‍ തമ്മില്‍ സഹകരണം ശക്തമാക്കാന്‍ ശ്രമിച്ചും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പതിവ് നാവിക കൈമാറ്റങ്ങളുടെ ഭാഗമായും ഇന്ത്യൻ പടക്കപ്പലുകൾ ജിദ്ദ തുറമുഖം സന്ദർശിച്ചു. ഇന്ത്യന്‍ നാവികസേനയുടെ മള്‍ട്ടി-റോള്‍ പടക്കപ്പലായ ഐ.എന്‍.എസ് തമാലും ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറായ ഐ.എന്‍.എസ് സൂറത്തും ആണ് ജിദ്ദ ഇസ്‌ലാമിക് തുറമുഖം സന്ദര്‍ശിച്ചത്. അടുത്തിടെ റഷ്യയില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഐ.എന്‍.എസ് തമാല്‍ ഇന്ത്യയിലേക്കുള്ള യാത്രയിലാണ്. ഇന്ത്യന്‍ നാവികസേന ഇറക്കുമതി ചെയ്യുന്ന അവസാന യുദ്ധക്കപ്പല്‍ കൂടിയാണ് ഐ.എന്‍.എസ് തമാല്‍.
റോയല്‍ സൗദി സൗദി നാവിക സേനയിലെയും വെസ്റ്റേണ്‍ കപ്പല്‍പടയിലെയും മേധാവികള്‍, മക്ക പ്രവിശ്യ സൗദി ബോര്‍ഡര്‍ ഗാര്‍ഡ്സ് ഡയറക്ടര്‍ ജനറല്‍ എന്നിവരുമായുള്ള ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥരുടെ ആശയവിനിമയം, ജിദ്ദ മാരിടൈം റെസ്‌ക്യൂ കോര്‍ഡിനേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ച് പരിചയപ്പെടല്‍, റോയല്‍ സൗദി നാവിക സേനയുമായുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം എന്നിവ ജിദ്ദ തുറമുഖ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. ജിദ്ദ തുറമുഖം വിടുന്നതിനിടെ പാസേജ് എക്‌സര്‍സൈസോടെയാണ് ഇന്ത്യന്‍ കപ്പലുകളുടെ സന്ദര്‍ശനം പൂര്‍ത്തിയായത്. സൗദി അതിഥികള്‍ക്കും പ്രാദേശിക പ്രവാസികള്‍ക്കും വേണ്ടി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹെല്‍ അജാസ് ഖാന്‍ ഓഗസ്റ്റ് 28 ന് വൈകുന്നേരം ഐ.എന്‍.എസ് തമാലില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചു.


ഇന്ത്യയും സൗദി അറേബ്യയും സമഗ്രമായ പ്രതിരോധ ബന്ധങ്ങള്‍ പങ്കിടുന്നു. ഇതില്‍ നാവിക സഹകരണം പ്രധാന ഘടകമാണ്. 2021 ലും 2023 ലും ഇന്ത്യയുടെയും സൗദി അറേബ്യയുടെയും നാവിക സേനകള്‍ സംയുക്തമായി ഇന്ത്യന്‍ ഓഷ്യന്‍ എന്ന് പേരിട്ട സമുദ്രാഭ്യാസം നടത്തിയിരുന്നു. ഈ വര്‍ഷാരംഭത്തില്‍ ഇരു രാജ്യങ്ങളിലെയും നാവിക സേനാ മേധാവികള്‍ തമ്മിലുള്ള ചര്‍ച്ചകളുടെ ആദ്യ റൗണ്ടും നടത്തിയിരുന്നു. പരിശീലനത്തിനും ശേഷികള്‍ വര്‍ധിപ്പിക്കാനുമായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നാവിക ഉദ്യോഗസ്ഥരുടെയും കേഡറ്റുകളുടെയും കൈമാറ്റം പതിവായി നടക്കുന്നു. അടുത്തിടെ, റോയല്‍ സൗദി നാവിക സേനാ പ്രതിനിധി സംഘം പഠന പര്യടനത്തിനായി ഇന്ത്യയിലെ ഗുരുഗ്രാമിലുള്ള ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്റര്‍- ഇന്ത്യന്‍ ഓഷ്യന്‍ റീജിയന്‍ സന്ദര്‍ശിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ തെളിവാണ് ജിദ്ദയിലേക്കുള്ള ഇന്ത്യന്‍ നാവിക കപ്പലുകളുടെ സന്ദര്‍ശനം. രണ്ട് നാവികസേനകളും തമ്മിലുള്ള സംയുക്ത പ്രവര്‍ത്തന അനുഭവവും ഏകോപനവും വര്‍ധിപ്പിക്കാന്‍ ഈ സന്ദര്‍ശനം ഗണ്യമായി സഹായിക്കും.