ജിദ്ദ – ജിദ്ദയില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ രണ്ടു എത്യോപ്യക്കാരെ ജിദ്ദ പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നുഴഞ്ഞുകയറ്റക്കാരാണ്. ജിദ്ദയില്‍ പര്‍വതപ്രദേശത്തു വെച്ച് നിരോധിത വസ്തുക്കള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് ഇന്ത്യക്കാരനു നേരെ സംഘം നിറയൊഴിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇന്ത്യക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണപ്പെടുകയായിരുന്നു.
പ്രതികളായ എത്യോപ്യക്കാര്‍ മദ്യവും മയക്കുമരുന്നും അടക്കമുള്ള നിരോധിത വസ്തുക്കളുടെ വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി ജിദ്ദ പോലീസ് അറിയിച്ചു.
ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലെ ദുമ്രി ബ്ലോക്കിന് കീഴിലുള്ള മദ് ഗോപാലി പഞ്ചായത്തിലെ ദുദ്പാനിയ ഗ്രാമത്തിലെ വിജയ് കുമാർ മഹാതോ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒമ്പത് മാസമായി ജിദ്ദയിലെ ഒരു സ്വകാര്യ കമ്പനിയിൽ ടവർ ലൈൻ ഫിറ്ററായി ജോലി ചെയ്തു വരികയായിരുന്നു. ഒക്ടോബർ 16-നാണ് തനിക്ക് പരിക്കേറ്റതായി ഇയാൾ കുടുംബത്തെ വിവരം അറിയിച്ചത്. ഭാര്യ ബസന്തി ദേവിക്ക് വാട്ട്‌സ്ആപ്പിൽ ഒരു വോയ്‌സ് സന്ദേശം അയക്കുകയായിരുന്നു. പിന്നീടാണ് മരിച്ച വിവരം അറിഞ്ഞത്.



