അല്‍ബാഹ – അതിമാരക രാസലഹരി വിതരണം ചെയ്യുന്ന മേഖലയില്‍ പ്രവര്‍ത്തിച്ച ഇന്ത്യന്‍ പ്രവാസിയെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അല്‍ബാഹയില്‍ നിന്ന് അറസ്റ്റ് ചെയ്തു. നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തു. ലഹരി ഗുളികകള്‍ വിതരണം ചെയ്ത രണ്ടു ബംഗ്ലാദേശുകാരെ കിഴക്കന്‍ പ്രവിശ്യയില്‍ നിന്നും അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു.
മയക്കുമരുന്ന് കടത്ത്, വിതരണം എന്നിവയുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ 911 എന്ന നമ്പറിലും മറ്റ് പ്രവിശ്യകളില്‍ 999, 994 എന്നീ നമ്പറുകളിലും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളിന്റെ 995 എന്ന നമ്പറിലും അറിയിക്കണമെന്ന് സുരക്ഷാ വകുപ്പുകള്‍ സൗദി പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടു. മയക്കമരുന്ന് കടത്തുകാരെയും വിതരണക്കാരെയും കുറിച്ച് നല്‍കുന്ന വിവരങ്ങള്‍ പൂര്‍ണ്ണമായ രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യുമെന്നും വിവരം നല്‍കുന്നവര്‍ യാതൊരുവിധ ഉത്തരവാദിത്തവും വഹിക്കേണ്ടിവരില്ലെന്നും സുരക്ഷാ വകുപ്പുകള്‍ വ്യക്തമാക്കി.



