റിയാദ് – സൗദി അറേബ്യയും ഇന്ത്യയും തമ്മില്‍ ജുഡീഷ്യല്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സൗദ് അല്‍മുഅജബും ഇന്ത്യന്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയും ചര്‍ച്ച നടത്തി. റിയാദില്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആസ്ഥാനത്താണ് ഇന്ത്യന്‍ അറ്റോര്‍ണി ജനറലിനെയും സംഘത്തെയും ശൈഖ് സൗദ് അല്‍മുഅജബ് സ്വീകരിച്ചത്.
ഇരു രാജ്യങ്ങളിലും നീതിന്യായ പുരോഗതി കൈവരിക്കാന്‍ സഹായകമാകുന്ന തരത്തില്‍ ജുഡീഷ്യല്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ഇരു വിഭാഗവും വിശകലനം ചെയ്തു. സംയുക്ത സഹകരണം വികസിപ്പിക്കാനുള്ള വഴികള്‍ അവലോകനം ചെയ്ത കൂടിക്കാഴ്ചക്കിടെ സൗദിയില്‍ നീതിന്യായ നടപടിക്രമങ്ങളിലെ സാങ്കേതിക പരിവര്‍ത്തനം അടക്കമുള്ളവ വ്യക്തമാക്കുന്ന ദൃശ്യാവവതരണവും നടന്നു.
സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള വളര്‍ന്നുവരുന്ന ബന്ധങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ അറ്റോര്‍ണി ജനറലും സംഘവും സൗദി സന്ദര്‍ശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം സ്ഥിരീകരിക്കുന്ന നിലക്ക് സമീപ കാലത്ത് വിവിധ മേഖലകളില്‍ ഉഭയകക്ഷി ബന്ധങ്ങള്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.