റിയാദ്- ഇന്ത്യയിലെ വിവിധ ചരിത്രസൂക്ഷിപ്പു കേന്ദ്രങ്ങളിലെ അറബ് രേഖകളെ കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ഇന്ത്യ-സൗദി അറേബ്യ സംയുക്ത ചരിത്ര സിംപോസിയം റിയാദില്‍ നടന്നു. നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയും (എന്‍എഐ) കിങ് അബ്ദുല്‍ അസീസ് ഫൗണ്ടേഷന്‍
ഫോര്‍ റിസര്‍ച്ച് ആന്റ് ആര്‍ക്കൈവ്‌സും(ദാറ)സംയുക്തമായി സംഘടിപ്പിച്ച ഈ പരിപാടി ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുമുള്ള ചരിത്ര വിദഗ്ധരുടെ സംഗമവേദിയായി. സിംപോസിയത്തില്‍ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ആഴമേറിയ ചരിത്ര ബന്ധങ്ങളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2023ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോൾ ഒപ്പുവെച്ച ചരിത്രരേഖ സഹകരണ കരാറിന്റെ ഭാഗമായിരുന്നു ഈ സിംപോസിയം. ഇന്ത്യയുടെ സൗദി അറേബ്യയിലെ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാനും ദാറ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് പ്രസിഡന്റ് ഡോ. അബ്ദുല്‍അസീസ് അല്‍ ഖുറൈഫും ഈ പരിപാടിക്ക് നേതൃത്വം നല്‍കി. നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എന്‍. രാജു സിംഗും കെ.സി. ജെനയും പങ്കെടുത്തു.
ഇന്ത്യന്‍ ലൈബ്രറികളിലും സര്‍വകലാശാലകളിലും സൂക്ഷിച്ചിരിക്കുന്ന അപൂര്‍വ അറബിക് കൈയെഴുത്തുപ്രതികളിലും സാഹിത്യകൃതികളിലും ഉള്ളടങ്ങിയിരിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധങ്ങളെ വെളിച്ചത്തുകൊണ്ടുവരാന്‍ ഈ സഹകരണത്തിലൂടെ കഴിയും. ഈ രേഖകള്‍ അറേബ്യന്‍ ഉപദ്വീപിന്റെ സമ്പന്ന ചരിത്രത്തിലേക്കും ഇന്ത്യയുമായുള്ള അടുത്ത സാംസ്‌കാരിക ബന്ധങ്ങളുടെം ചരിത്രത്തിലേക്കും പുതിയ ജാലകം തുറക്കുമെന്നും അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. സമീപ കാലത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റങ്ങള്‍ ശക്തിപ്പെട്ടതായും, ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശന വേളയില്‍ രൂപീകരിക്കപ്പെട്ട പുതിയ ടൂറിസം-സാംസ്‌കാരിക സഹകരണ മന്ത്രിതല സമിതിയുടെ പ്രസക്തിയെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.
ഇന്ത്യയിലെ അറബ് ചരിത്ര രേഖകള്‍ പഠിക്കാനും രേഖപ്പെടുത്താനും ഇത് സഹായിക്കുമെന്നും, അറബ്-ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള സാംസ്‌കാരിക കൈമാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഇത് വഴിതെളിക്കുമെന്നും ദാറ മേധാവി ഡോ. അബ്ദുല്‍അസീസ് അല്‍-ഖുറൈഫ് പറഞ്ഞു.
നാഷനല്‍ ആര്‍ക്കൈവ്സ് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഡയറക്ടര്‍മാരും സൗദി ചരിത്ര പണ്ഡിതന്‍മാരും ഇന്ത്യയിലെ അറബ് ചരിത്ര രേഖകളെ കുറിച്ച് പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ശേഷം ചോദ്യോത്തര വേളയും മികച്ച ചര്‍ച്ചയും നടന്നു.