ജിദ്ദ – സൗദിയിലേക്ക് ഇറക്കുമതി ചെയ്യാവുന്ന ചരക്ക് ലോറികളുടെ കാലപ്പഴക്കം പത്തു വര്‍ഷത്തില്‍ നിന്ന് അഞ്ചു വര്‍ഷമായി കുറച്ചു. ഇനി മുതല്‍ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ കാലപ്പഴക്കമുള്ള ലോറികള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ കഴിയില്ല. ഇറക്കുമതി ചെയ്യുന്ന ഹെവി ഗുഡ്സ് ട്രക്കുകളുടെ പരമാവധി കാലപ്പഴക്കം സംബന്ധിച്ച, 2022 ലെ മന്ത്രിസഭാ തീരുമാനത്തില്‍ ഭേദഗതി വരുത്തിയാണ് വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ട്രക്കുകളുടെ പരമാവധി കാലപ്പഴക്കം അഞ്ചു വര്‍ഷമായി മന്ത്രിസഭാ യോഗം നിര്‍ണയിച്ചത്. ട്രെയിലറുകള്‍, സെമി-ട്രെയിലറുകള്‍, ട്രാക്ടറുകള്‍ എന്നിവ അടക്കം 3.5 ടണ്ണില്‍ കൂടുതല്‍ ഭാരമുള്ള ഇറക്കുമതി ചെയ്യുന്ന എല്ലാ ഹെവി ഗുഡ്സ് ട്രക്കുകളുടെയും പരമാവധി കാലപ്പഴക്കം 10 വര്‍ഷത്തില്‍ നിന്ന് 5 വര്‍ഷമായി കുറക്കാനാണ് പുതിയ തീരുമാനം.
ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റിയുടെ അപേക്ഷ മാനിച്ചാണ് ഈ ഭേദഗതി വരുത്തിയത്. നിര്‍മ്മാണ വര്‍ഷത്തിന് പകരം മോഡല്‍ വര്‍ഷത്തെ അടിസ്ഥാനമാക്കി കാലപ്പഴക്കം കണക്കാക്കാനും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ട്രാഫിക് ഡയറക്ടറേറ്റുമായും വാണിജ്യ മന്ത്രാലയവുമായും ഏകോപിച്ചാണ് പുതിയ തീരുമാനം നടപ്പാക്കുക. ചരക്ക് വാഹനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും ശക്തിപ്പെടുത്താനും സഹായിക്കുന്ന നിലക്ക് ഹെവി ഗുഡ്സ് ട്രക്കുകളുടെ ഇറക്കുമതി നിയന്ത്രിക്കുന്ന ചട്ടങ്ങളുടെ തുടര്‍ച്ചയായ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ഇറക്കുമതി ചെയ്യാവുന്ന ചരക്ക് ലോറികളുടെ കാലപ്പഴക്കം പകുതിയായി കുറച്ചിരിക്കുന്നത്.



