ദമാം- ‘പുതിയകാല വായന’ എന്ന ശീർഷകത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ ദമാം സിറ്റി സെക്ടർ ടേബിൾടോക് സംഘടിപ്പിച്ചു. ‘ബെറ്റർ വേൾഡ് ബെറ്റർ ടുമോറോ’ എന്ന സന്ദേശത്തിൽ ഐസിഎഫ് രാജ്യാന്തര തലത്തിൽ നടത്തിവരുന്ന മാനവ വികസന വർഷത്തിന്റെ ഭാഗമായി നടക്കുന്ന റീഡ് ആൻഡ് ലീഡ് ക്യാംപയിനിനോട് അനുബന്ധിച്ചായിരുന്നു പരിപാടി.
മാറിയകാലത്തെ വായനാഉരുപ്പടികൾ, വായനയുടെ തിരഞ്ഞെടുപ്പ്, പ്രവാസവും വായനയും, ഫലപ്രദവായനയുടെ രാഷ്ട്രീയം തുടങ്ങി പുതിയകാല വായനയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചയും നടന്നു.
ആഘോഷിക്കപ്പെടുന്ന പുസ്തകങ്ങൾ ഷെൽഫിൽ ഉണ്ടായിരിക്കുക എന്നതിൽ ഒതുങ്ങുന്നതാകരുത് വായനയെന്നും ഡിജിറ്റൽ കാലത്തെ വായനയെ സ്വീകരിക്കാൻ വിമുഖത കാണിക്കേണ്ടതില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു. വായനയുടെ തിരഞ്ഞെടുപ്പ് പ്രധാനമാണ്. പ്രവാസം സൃഷ്ടിക്കുന്ന ബഹുസാംസ്കാരിക പരിസരം തന്നെ വായനയുടേതും അനുഭവങ്ങളുടെതുമാണ്. വായനയിലൂടെ അറിവു സമ്പാദനമല്ല, മനുഷ്യപക്ഷ രാഷ്ട്രീയം പേറാനുള്ള ഊർജവും ഊക്കുമാണ് സ്വാംശീകരിച്ചെടുക്കാൻ കഴിയേണ്ടതെന്നും ടേബിൾടോക് അഭിപ്രായപ്പെട്ടു.
അഷറഫ് ചാപ്പനങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ഐസിഎഫ് ഇന്റർനാഷണൽ കൗൺസിൽ സെക്രട്ടറി സലീം പാലച്ചിറ, മുനീർ തോട്ടട, അഹമദ് നിസാമി, സബൂർ പുറത്തീൽ, സക്കീറുദ്ദീൻ മന്നാനി ചടയമംഗലം, സിദ്ദീഖ് ഇർഫാനി കുനിയിൽ എന്നിവർ പ്രതികരിച്ചു സംസാരിച്ചു. മുസ്തഫ മുക്കൂട് ചർച്ച സംഗ്രഹിച്ചു. സലാം സഖാഫി, മിദ്ലാജ് ഹാദി, നൂറുൽ അമീൻ തങ്ങൾ, സ്വലാഹുദ്ധീൻ,ലത്തീഫ് ഹാജി വെന്നിയൂർ, നസീർ പറപ്പൂർ സംബന്ധിച്ചു. യൂസുഫ് പറമ്പിൽ പീടിക, നൗഷാദ് പുതിയങ്ങാടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.