ജിദ്ദ: രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് “വൈവിധ്യങ്ങളുടെ ഇന്ത്യ ” എന്ന പ്രമേയത്തിൽ ഐസിഎഫ് ജിദ്ധ സെൻട്രൽ പൗരസഭ സംഘടിപ്പിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്ത ധീര ദേശാഭിമാനികളെ അനുസ്മരിച്ച് കൊണ്ട് നടന്ന പൗരസഭ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും കാത്ത് സൂക്ഷിക്കണമെന്നും, ജാതി-മത-വർഗ-വർണ്ണ-ഭാഷകൾക്കതീതമായി രാജ്യത്തെ എല്ലാ പൗരന്മാരെയും സമന്മാരായി കാണാനും, രാജ്യത്തിന്റെ മഹത്തയ മതേതരത്വമൂല്യങ്ങളെ പൂർണ്ണമായും ഉൾകൊണ്ട്കൊണ്ട് രാജ്യ നന്മക്കായി പ്രവർത്തിക്കാനും ഭരണഘടനാ മൂല്യങ്ങളും “വൈവിധ്യങ്ങളിലെ ഏകത്വം” എന്ന സാമൂഹിക സംസ്കാരവും നിലനിർത്തുന്നതിനും ഭരണാധികാരികളും ഭരണീയരും തയ്യാറാവണമെന്നും പൗര സഭ ആവശ്യപ്പെട്ടു.
ഭരണഘടനയിലെ മൗലികാവകാശങ്ങൾ ഉറപ്പ് നൽകുന്ന സമത്വവും നീതിയും മത വ്യക്തി സ്വാതന്ത്ര്യവും പലർക്കും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, രാജ്യം നൂറ്റാണ്ടുകളായി കാത്ത് സൂക്ഷിച്ച പൈതൃകങ്ങളെ തല്ലിയുടച്ച് ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കുന്ന ചിദ്രശക്തികളെ കരുതിയിരിക്കണമെന്നും പൗരസഭ ഉണർത്തി.
ഐസിഎഫ് ദഅവ പ്രസിഡണ്ട് മുഹ്‌യിദ്ധീൻ കുട്ടി സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച പൗരസഭ ഐസിഎഫ് ജിദ്ധ സെൻട്രൽ ജനറൽ സെക്രട്ടറി സയ്യിദ് സൈനുൽ ആബിദീൻ തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരളം ജംഇയ്യത്തുൽ ഉലമ കേന്ദ്രമുശാവറ അംഗം തെന്നല അബൂ ഹനീഫൽ ഫൈസി ഉത്‌ഘാടനം ചെയ്തു.
ഐ സി എഫ് സൗദി നാഷണൽ ഫിനാൻസ് സെക്രട്ടറി ബഷീർ ഹുസൈൻ എറണാംകുളം വിഷയാവതരണം നടത്തി.ജിദ്ദയിലെ രാഷ്ട്രീയ മാധ്യമ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ എ.എം സജിത്ത് (മലയാളം ന്യൂസ് , മുൻ എഡിറ്റർ), ഹക്കീം പാറക്കൽ (ഒഐസിസി), റഫീഖ് പത്തനാപുരം (നവോദയ), നാസർ മച്ചിങ്ങൽ (കെഎംസിസി) ഷാജു അത്താണിക്കൽ (ഗ്രന്ഥപ്പുര), മുജീബ് റഹ്മാൻ എ ആർ നഗർ(ഐസിഎഫ്) ജാബിർ നഈമി (ആർ എസ് സി) എന്നിവർ പർപരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.
സെൻട്രൽ സെക്രട്ടറിമാരായ മൻസൂർമാസ്റ്റർ മണ്ണാർക്കാട് സ്വാഗതവും ഹനീഫ പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു.