മക്ക: ദൈവം കാരുണ്യവാനും ദയാപരനുമാണെന്ന് കരുതി പാപങ്ങളിലും കുറ്റകൃത്യങ്ങളിലും മുഴുകുന്നതിനെതിരെ വിശ്വാസികള്‍ക്കു മുന്നറിയിപ്പു നല്‍കി പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറം ഇമാം ശൈഖ് ഡോ. ഫൈസല്‍ അല്‍ ഗസ്സാവി. വെള്ളിയാഴ്ചയിലെ ജുമുഅ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ശൈഖ്. പാപങ്ങള്‍ പൊറുക്കുന്നവനും സൃഷ്ടികളെ ദയാപരമായി മാത്രം നോക്കുന്നവനുമാണ് അല്ലാഹുവെന്ന് നിനച്ച് ദൈവ കോപം വിളിച്ചു വരുത്തുന്ന തെറ്റുകള്‍ ചെയ്യുകയും അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ഈ ഭൂമിയില്‍ നിന്നു തന്നെ ശിക്ഷ ക്ഷണിച്ചു വരുത്തും.
ദൈവത്തിനു പങ്കാളികളുള്ളതായി മനുഷ്യര്‍ ആരോപിക്കുന്നത് കേട്ട് ആകാശഭൂമികള്‍ പോലും ദൈവ ശിക്ഷക്ക് വിധേയമാകുമോയെന്ന് ഭയന്നു അവ വിറ കൊള്ളുന്നതായാണ് പരിശുദ്ധ ഖുര്‍ആന്‍ അറിയിക്കുന്നത്. ഏറെ അനുഗ്രഹങ്ങള്‍ ചൊരിയുകയും ജീവിത മാര്‍ഗങ്ങള്‍ ഏർപ്പെടുത്തി നല്‍കുകയും ചെയ്തിട്ടും ദൈവ നിന്ദയുമായി ജീവിക്കുന്നവര്‍ പൂര്‍വീക തലമുറകളെ ഭൂമിയില്‍ നിന്ന് തുടച്ചു നീക്കിയതിനെ കുറിച്ച് ചിന്തിക്കണം. ദൈവം കാരുണ്യവനും ദയാപരനുമാണെന്നതോടൊപ്പം അതിക്രമകാരികളെ കഠിനമായി ശിക്ഷിക്കുന്നവനുമാണെന്ന് കൂടി ഓര്‍മ്മയിലുണ്ടായിരിക്കണം. ദൈവ സ്‌നേഹവും വിശ്വാസവുമുണ്ടെന്ന് വാദിക്കുകയും അസാന്മാഗിക പ്രവര്‍ത്തനങ്ങളില്‍ വിഹരിക്കുകയും ചെയ്യുന്ന വിശ്വാസികളുടെ കാര്യം ആശ്ചര്യകരമാണെന്നും ശൈഖ് പറഞ്ഞു.