മക്ക– ഈ വര്‍ഷത്തെ ഹജ് സീസണില്‍ ഹാജിമാര്‍ക്ക് താമസസൗകര്യം നല്‍കാന്‍ നീക്കിവെക്കുന്ന കെട്ടിടങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ നഗരസഭ, ഭവനകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ടൂറിസം മന്ത്രാലയം ആരംഭിച്ച താല്‍ക്കാലിക ലോഡ്ജിംഗ് ലൈസന്‍സിംഗ് സേവന സംവിധാനം വഴി നല്‍കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
ഹജ് സീസണില്‍ ഹജ്, ഉംറ മന്ത്രാലയത്തിന്റെ നുസുക് മസാര്‍ പ്ലാറ്റ്ഫോം വഴി മക്കയിലും മദീനയിലും വാടകക്ക് നല്‍കുന്ന കെട്ടിടങ്ങള്‍ക്ക് യോഗ്യത നേടാനുള്ള അപേക്ഷകള്‍ അംഗീകൃത വ്യവസ്ഥകള്‍ക്കനുസൃതമായി സമര്‍പ്പിക്കാന്‍ ടൂറിസം മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം സന്ദര്‍ശിക്കണമെന്ന് മന്ത്രാലയം പറഞ്ഞു. ഹജ് തീര്‍ഥാടകര്‍ക്ക് താമസസൗകര്യം നല്‍കാന്‍ കെട്ടിട വാടക കരാര്‍ പ്ലാറ്റ്‌ഫോം വഴി ഒപ്പുവെക്കാനുള്ള കാലയളവ് ശഅബാന്‍ 13 ന് അവസാനിക്കും. ടൂറിസം മന്ത്രാലയം വര്‍ഷം മുഴുവനും ലൈസന്‍സ് ചെയ്ത, വ്യത്യസ്ത വിഭാഗങ്ങളില്‍ പെട്ട ഹോട്ടലുകള്‍ ഈ നടപടിക്രമത്തില്‍ ഉള്‍പ്പെടുന്നില്ല.
ഹജ് സീസണില്‍ താല്‍ക്കാലിക ലോഡ്ജിംഗ് ലൈസന്‍സുകള്‍ നല്‍കാനുള്ള സംവിധാനത്തിലൂടെ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. വ്യവസ്ഥകളും ആവശ്യകതകളും പാലിച്ച ശേഷമാണ് ലോഡ്ജുകള്‍ക്ക് സീസണല്‍ ലൈസന്‍സുകള്‍ അനുവദിക്കുക. തീര്‍ഥാടകരുടെ ബുക്കിംഗുകളിലും യാത്രകളിലും ഏകോപനം ഉറപ്പാക്കുന്നതിന് ലൈസന്‍സുള്ള കെട്ടിടങ്ങളെ ഔദ്യോഗിക പ്ലാറ്റ്ഫോമായ നുസുകുമായി ബന്ധിപ്പിക്കുക, ബന്ധപ്പെട്ട വകുപ്പുകള്‍ തമ്മിലുള്ള സഹകരണത്തോടെ ഹജ് സീസണില്‍ ആതിഥേയ മേഖലയുടെ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുക, സുരക്ഷിതവും വ്യവസ്ഥാപിതവുമായ ഹജ് അനുഭവം ഉറപ്പാക്കുക, ലൈസന്‍സുകള്‍ നല്‍കാനുള്ള ഇലക്‌ട്രോണിക് പ്ലാറ്റ്ഫോം വഴി എളുപ്പവും വിശ്വസനീയവുമായ ഘട്ടങ്ങളിലൂടെ നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുക എന്നിവയും പുതിയ ലൈസന്‍സിംഗ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതായി ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.