കോഴിക്കോട്– വിമാന ടിക്കറ്റ് നിരക്ക് വർധിച്ചതോടെ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഹജ്ജ് തീർഥാടകരുടെ എണ്ണത്തിൽ കുറവ്. ഇത്തവണ കേരളത്തിൽ നിന്നും ഹജ്ജ് ചെയ്യാൻ അവസരം ലഭിച്ചത് 8,530 പേർക്കായിരുന്നു. എന്നാൽ ഇതിൽ വെറും 636 പേർ മാത്രമാണ് കോഴിക്കോട് വഴി യാത്ര ചെയ്യുന്നത്. ഇതിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള 4 പേരും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ രണ്ടു തവണ കോഴിക്കോട് വഴി യാത്ര ചെയ്തപ്പോൾ അധികമായി 40,000 രൂപ നൽകേണ്ടി വന്നത് കൊണ്ടാണ് ആളുകൾ മറ്റു ഓപ്ഷനുകൾ ആശ്രയിക്കാൻ കാരണം. കൊച്ചി വഴി യാത്ര ചെയ്യുന്നവരാണ് ഇത്തവണ ഏറ്റവും കൂടുതൽ. 4995 പേരാണ് കൊച്ചി വഴി പോകുന്നത്.
2024 ൽ 10,515 പേരാണു കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്തത്. നിരക്ക് കൂടിയതോടെ 2025 ൽ 5339 യാത്രക്കാരായി കുറഞ്ഞു. എന്നാൽ, അടുത്ത തവണ യാത്ര ചെയ്യാൻ 636 പേർ മാത്രമാണ് കോഴിക്കോട് വിമാനത്താവളം തെരഞ്ഞെടുത്തത്.