റിയാദ് – ഇന്ന് അന്തരിച്ച സൗദി ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന് റിയാദിൽ അന്ത്യവിശ്രമം. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുത്തു. ഇന്ന് രാവിലെയാണ് ഗ്രാന്റ് മുഫ്തി വിടവാങ്ങിയത്. എല്ലാവര്‍ക്കും മാതൃകയായ പണ്ഡിതനായിരുന്നു ഗ്രാന്റ് മുഫ്തിയെന്ന് ഉന്നത പണ്ഡിതസഭ സെക്രട്ടറി ജനറല്‍ ഡോ. ഫഹദ് അല്‍മാജിദ് പറഞ്ഞു. അടുത്തുള്ളവര്‍ക്കും അകലെയുള്ളവര്‍ക്കും പ്രിയപ്പെട്ട, സദ്ഗുണസമ്പന്നനായ പണ്ഡിതനും അധ്യാപകനും മാതൃകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയുടെയും വിനയത്തിന്റെയും അടുപ്പത്തിന്റെയും പേരില്‍ അദ്ദേഹം അറിയപ്പെടുന്നു. താന്‍ അദ്ദേഹവുമായി അടുത്തിടപഴകിയ ദീര്‍ഘ വര്‍ഷങ്ങളില്‍, വികാരങ്ങളെ വ്രണപ്പെടുത്തുന്നതോ മറ്റുള്ളവരുമായി ഇടപെടുന്നതിലുള്ള അദ്ദേഹത്തിന്റെ സന്തുലിത സമീപനത്തിന് വിരുദ്ധമായതോ ആയ ഒരു വാക്ക് പോലും അദ്ദേഹം ഉച്ചരിക്കുന്നത് താന്‍ കേട്ടിട്ടില്ലെന്ന് ഡോ. ഫഹദ് അല്‍മാജിദ് പറഞ്ഞു.


ഗ്രാന്‍ഡ് മുഫ്തിയുടെ വിയോഗത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി മുഹമ്മദ് ഷെഹ്ബാസ് ഷെരീഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൗദി അറേബ്യയുടെ മതപരമായ നിലപാട് ശക്തിപ്പെടുത്താനും മിതവാദ സമീപനം സ്ഥാപിക്കാനും സംഭാവന നല്‍കിയ പ്രമുഖ പണ്ഡിതന്മാരില്‍ ഒരാളാണ് ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. അദ്ദേഹത്തിന്റെ വിയോഗം സൗദി അറേബ്യക്ക് മാത്രമല്ല, മുഴുവന്‍ മുസ്‌ലിം സമുദായത്തിനും തീരാനഷ്ടമാണ്.. ഖുര്‍ആനിനെയും സുന്നത്തിനെയും സേവിക്കാനും ഇസ്‌ലാമിക നിയമം വിശദീകരിക്കാനും സമുദായത്തെ നയിക്കാനും ജീവിതം സമര്‍പ്പിച്ച വിശിഷ്ട മതപണ്ഡിതനെന്ന നിലയില്‍ അദ്ദേഹം വഹിച്ച പങ്ക് പ്രശംസനീയമാണ്.
മുസ്‌ലിം സമുദായത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുന്നതില്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ശ്രമങ്ങളും വൈജ്ഞാനിക ഉള്‍ക്കാഴ്ചയും അനശ്വരമായി നിലനില്‍ക്കും. ഗ്രാന്‍ഡ് മുഫ്തിയുടെ വിയോഗത്തില്‍ പാക്കിസ്ഥാന്‍ ജനതയും സര്‍ക്കാരും സൗദി ഭരണാധികാരികളുടെയും ജനങ്ങളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിന്റെ സേവനങ്ങള്‍ മതപരവും വൈജ്ഞാനികവുമായ പൈതൃകത്തിലെ തിളക്കമാര്‍ന്ന അധ്യായമാണ്. ഭാവി തലമുറകള്‍ അദ്ദേഹത്തിന്റെ മഹത്തായ പണ്ഡിത പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നത് തുടരുമെന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. ഗ്രാന്‍ഡ് മുഫ്തിയുടെ വേര്‍പാടില്‍, അദ്ദേഹത്തിന്റെ കുടുംബത്തെയും സല്‍മാന്‍ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെയും സൗദി ജനതയെയും പാക് പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.