റിയാദ്- സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനം ആരംഭിച്ചതായി സൗദി സെൻട്രൽ ബാങ്ക് (സാമ) പ്രഖ്യാപിച്ചു. റിയാദ് എക്സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് കോൺഫറൻസിലാണ് പ്രഖ്യാപനം. സൗദി അറേബ്യയിലെ നാഷണൽ പേയ്‌മെന്റ് സിസ്റ്റം (മാഡ) വഴിയാണ് ഗൂഗിളിന്റെ ഉൽപ്പന്നങ്ങളിലൊന്നായ ഗൂഗിൾ പേ പ്രവർത്തിക്കുക.
സൗദി വിഷൻ 2030 ന്റെ ഭാഗമായ ഫിനാൻഷ്യൽ സെക്ടർ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സൗദി അറേബ്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് മേഖല മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിൾ പേ സേവനം ആരംഭിച്ചിരിക്കുന്നത്. നേരിട്ടുള്ള പണമിടപാട് കുറക്കുന്നതിനും ഡിജിറ്റൽ പെയ്മെന്റ് സംവിധാനത്തിലേക്ക് പൂർണ്ണമായും മാറുന്നതിനുമുള്ള സാമയുടെ പ്രതിബദ്ധതയുടെ കൂടി ഭാഗമായാണ് നീക്കം.


ഗൂഗിൾ പേ സേവനം വിപുലവും സുരക്ഷിതവുമായ പേയ്‌മെന്റ് അനുഭവം നൽകുന്നുവെന്നും ഇത് ഉപയോക്താക്കൾക്ക് ഗൂഗിൾ പേ ആപ്ലിക്കേഷനിൽ മഡാ കാർഡുകളും ക്രെഡിറ്റ് കാർഡുകളും സൗകര്യപ്രദമായി നൽകാനും കൈകാര്യം ചെയ്യാനും പ്രാപ്തമാക്കുന്നുവെന്നും അധികൃതർ പറഞ്ഞു.