മക്ക – വിശുദ്ധ ഹറമില്‍ സൗജന്യ ലഗേജ് സൂക്ഷിപ്പ് സേവനം `(ലോക്കർ) ഏര്‍പ്പെടുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു. രണ്ടിടങ്ങളിലാണ് ഈ സേവനമുള്ളത്. കിഴക്കു ഭാഗത്തെ മുറ്റത്ത് ഹറം ലൈബ്രറിക്കു സമീപവും പടിഞ്ഞാറു ഭാഗത്തെ മുറ്റത്ത് 64 -ാം നമ്പര്‍ (അല്‍ശുബൈക) ഗെയ്റ്റിന് എതിര്‍ വശത്തുമാണ് സൗജന്യ ലഗേജ് സൂക്ഷിപ്പ് സേവനം ലഭിക്കുക. സേവനം പ്രയോജനപ്പെടുത്താന്‍ നുസുക് ആപ്പില്‍ ഉംറ പെര്‍മിറ്റ് കാണിച്ചുകൊടുക്കണമെന്ന് വ്യവസ്ഥയുണ്ട്. നിരോധിത വസ്തുക്കളും വിലപിടിച്ച വസ്തുക്കളും ലഗേജുകളില്‍ സൂക്ഷിക്കാനും പാടില്ല. പരമാവധി നാലു മണിക്കൂര്‍ നേരമാണ് ബാഗേജുകള്‍ സൗജന്യമായി സൂക്ഷിക്കുക.
സൗജന്യ ലഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളില്‍ ബാഗുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കീസുകളില്‍ സൂക്ഷിച്ച ലഗേജുകള്‍ സ്വീകരിക്കില്ല. ബാഗുകള്‍ക്കകത്ത് ഭക്ഷണങ്ങളും മരുന്നുകളും സൂക്ഷിക്കുന്നതിനും വിലക്കുണ്ട്. ബാഗിന്റെ തൂക്കം ഏഴു കിലോയില്‍ കൂടാന്‍ പാടില്ല. ലഗേജ് സ്വീകരിച്ച് നല്‍കുന്ന കാര്‍ഡ് ലഗേജ് തിരികെ കൈപ്പറ്റുമ്പോള്‍ ഹാജരാക്കലും നിര്‍ബന്ധമാണ്.
എല്ലാവര്‍ക്കും സേവനം എളുപ്പമാക്കാനും ശാന്തമായും മനഃസമാധാനത്തോടെയും ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കാനും ലക്ഷ്യമിട്ട് ഭാവിയില്‍ സൗജന്യ ലഗേജ് സൂക്ഷിപ്പ് കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വിശുദ്ധ ഹറമിന്റെ നാലുഭാഗത്തും ഹറമിലേക്കുള്ള വഴികളിലും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ഹറംകാര്യ വകുപ്പ് വെളിപ്പെടുത്തി.