റിയാദ്– ആറുമാസം മുമ്പ് ബുറൈദയിലെ ഒരു സ്വകാര്യ ക്ലിനിക്കില്‍ ജോലിക്കെത്തി നിയമപ്രശ്‌നങ്ങളില്‍ അകപ്പെട്ട നാഗര്‍കോവില്‍ സ്വദേശിനികളായ നാലു നഴ്‌സുമാര്‍ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തി. മഞ്ജുമ, റോസമ്മ, ക്ലാര, ജോളി എന്നിവര്‍ക്കാണ് ജോലി സംബന്ധമായ നിയമപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങേണ്ടി വന്നത്. പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ തന്നെ ഇന്റേണ്‍ഷിപ്പ് നടത്തുന്നതിനിടെ, ഡല്‍ഹി കേന്ദ്രമായ ട്രാവല്‍ ഏജന്‍സിയുടെ മോഹന വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് ഇവര്‍ സൗദി അറേബ്യയിലെ ബുറൈദയിലെ സ്വകാര്യ ക്ലിനിക്കില്‍ നേഴ്‌സുമാരായി എത്തുകയായിരുന്നു.
എന്നാല്‍ സൗദി ഹെല്‍ത്ത് കൗണ്‍സില്‍ പരീക്ഷക്കായി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത്, ട്രാവല്‍ ഏജന്‍സി നല്‍കിയിരുന്ന വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമായി. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള യഥാര്‍ത്ഥ പരിചയം മതിയായിരുന്നെങ്കിലും ഏജന്‍സി നല്‍കിയ രണ്ടുവര്‍ഷത്തെ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതോടെ അവര്‍ നിയമപരമായ പ്രതിസന്ധിയില്‍പ്പെട്ടു.
ഈ സാഹചര്യത്തിലാണ് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ ജിസിസി ചെയര്‍മാന്‍ റാഫി പാങ്ങോട് വിഷയത്തില്‍ ഇടപ്പെട്ടത്. അദ്ദേഹം ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കേസ് ട്രാവല്‍ ഏജന്‍സിയുടെ വഞ്ചനയാണെന്ന് വിശദീകരിക്കുകയും നിയമ നടപടികള്‍ ലളിതമാക്കുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ക്കായി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കൊച്ചിയിലേക്കുള്ള വിമാനത്തില്‍ അവര്‍ നാട്ടിലേക്ക് മടങ്ങി.
ഇത്തരത്തിലുള്ള നിരവധി കേസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നടക്കുന്നുണ്ടെന്നും, ചെറിയ ലാഭത്തിനായി ചില ട്രാവല്‍ ഏജന്‍സികള്‍ തെറ്റായ അനുഭവ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആളുകളെ വിദേശത്തേക്ക് അയക്കുന്ന പ്രവണത വര്‍ധിച്ചുവരികയാണെന്നും റാഫി പാങ്ങോട് പറഞ്ഞു. ഇത്തരം കൃത്രിമ രേഖകള്‍ പിന്നീട് തൊഴിലാളികള്‍ക്ക് വലിയ നിയമപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അതിനാല്‍ തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.



