ജിദ്ദ – സൗദി അറേബ്യയുടെ ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി ശ്രദ്ധേയമായ വളര്‍ച്ച കൈവരിക്കുന്നതായും കഴിഞ്ഞ വര്‍ഷം കയറ്റുമതി 1,500 കോടി റിയാലിലെത്തിയതായും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ്. ഹജ് സീസണിന് ഭക്ഷ്യ വ്യവസായ മേഖല പൂര്‍ണ സജ്ജമാണ്. ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ സൗദി ഉല്‍പ്പന്നങ്ങളെ കുറിച്ച് പരിചയപ്പെടുത്താനുള്ള തന്ത്രപരമായ അവസരമാണ് ഹജ് എന്ന്, ഹജ് സീസണിനായുള്ള തയ്യാറെടുപ്പുകള്‍ നിരീക്ഷിക്കാനായി ജിദ്ദയിലെ ഫാക്ടറികള്‍ സന്ദര്‍ശിച്ച് വ്യവസായ, ധാതുവിഭവ മന്ത്രി പറഞ്ഞു. ഉയര്‍ന്ന കാര്യക്ഷമത കാരണം തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതില്‍ ഈ മേഖല പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷ്യ വ്യവസായ മേഖലയിലെ നിക്ഷേപങ്ങള്‍ ഏകദേശം 200 ബില്യണ്‍ റിയാലെന്നാണ് കണക്ക്. സൗദിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്ന രണ്ടാമത്തെ വ്യാവസായിക മേഖലയാണിത്. ഭക്ഷ്യ വ്യവസായ മേഖലയില്‍ 1,900 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. ഉചിതമായ വിലക്ക്, മതിയായ അളവില്‍, എല്ലാ അഭിരുചികള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ സാധിക്കുന്നതിന് ഭക്ഷ്യ വ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഹജ് ആരംഭിക്കുന്നതിന് മുമ്പ് അവരുടെ ആവശ്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വെല്ലുവിളികള്‍ ഇല്ലാതാക്കാനും വ്യവസായ മന്ത്രാലയവും അനുബന്ധ വകുപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
2035 ആകുമ്പോഴേക്കും സൗദിയില്‍ ഭക്ഷ്യവസ്തു ഫാക്ടറികളുടെ എണ്ണം 800 ആയി ഉയരുമെന്നാണ് പ്രതീക്ഷ. നിക്ഷേപങ്ങളുടെ വലുപ്പത്തില്‍ മാത്രമല്ല, പ്രാദേശിക വിപണിയെ പിന്തുണക്കുന്നതിലെ നേട്ടങ്ങളും ദേശീയ കയറ്റുമതിയിലേക്കുള്ള സജീവ സംഭാവനയുമാണ് ഈ മേഖലയുടെ യഥാര്‍ഥ മൂല്യം. 2035 ആകുമ്പോഴേക്കും ഭക്ഷ്യവസ്തു നിര്‍മ്മാണ മേഖലയില്‍ 78 ബില്യണ്‍ റിയാലിന്റെ നിക്ഷേപം ദേശീയ വ്യാവസായിക തന്ത്രമാണ് ലക്ഷ്യം.
പാലുല്‍പ്പന്നങ്ങള്‍, മുട്ട തുടങ്ങിയ അവശ്യവസ്തുക്കളില്‍ സൗദി അറേബ്യ 100 ശതമാനം സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ട്. കോഴിയിറച്ചി മേഖലയില്‍ സ്വയംപര്യാപ്തത 70 ശതമാനത്തിലെത്തി. ബേക്കറി മേഖല അയല്‍ രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നു.
ജിദ്ദയിലെ സഡാഫ്‌കോ ഫാക്ടറി മന്ത്രി സന്ദര്‍ശിച്ചു. സഡാഫ്‌കോ ഫാക്ടറിയില്‍ പ്രതിവര്‍ഷം 30 കോടി ലിറ്റര്‍ പാലുല്‍പ്പന്നങ്ങള്‍, ജ്യൂസുകള്‍, ഐസ്‌ക്രീം എന്നിവ ഉല്‍പാദിപ്പിക്കുന്നു. ഹജ് സീസണില്‍ പ്രതിദിനം 17 ലക്ഷം ലിറ്ററില്‍ കൂടുതല്‍ ഉല്‍പ്പാദനം നടക്കുന്നു. അല്‍മറാഇ കമ്പനിയുടെ ബേക്കറികളിലൊന്നും ബന്ദര്‍ അല്‍ഖുറൈഫ് സന്ദര്‍ശിച്ചു. അല്‍മറാഇ കമ്പനിയുടെ ജിദ്ദ ബേക്കറി പ്രതിവര്‍ഷം 80 കോടിയിലേറെ പേസ്ട്രികളും പൈകളുമാണ് ഉല്‍പാദനം. ഹജ് സീസണില്‍ ബേക്കറിയുടെ ഉല്‍പ്പാദന ശേഷി 40 ശതമാനം വര്‍ധിക്കുകയും പ്രതിദിനം 28 ലക്ഷം പേസ്ട്രികളിലും പൈകളിലും എത്തുകയും ചെയ്യുന്നു.
ഗുണനിലവാരം, ആരോഗ്യം, സുരക്ഷ എന്നിവയുടെ ഉയര്‍ന്ന മാനദണ്ഡങ്ങള്‍ പാലിച്ച്, ഹജ് സീസണില്‍ കാറ്ററിംഗ് സെന്ററുകള്‍, ഹജ് ഗ്രൂപ്പുകള്‍, ത്വവാഫ കമ്പനികള്‍, പുണ്യസ്ഥലങ്ങളിലെ ഹോട്ടലുകള്‍ എന്നിവക്ക് വൈവിധ്യമാര്‍ന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നതില്‍ ഈ ഫാക്ടറികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ജിദ്ദയിലെ ഫസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയുടെ അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടം സന്ദര്‍ശിച്ച മന്ത്രി, വ്യവസായ നഗരത്തിലെ നിക്ഷേപകര്‍ക്ക് സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റീസ് ആന്റ് ടെക്‌നോളജി സോണ്‍സ് നല്‍കുന്ന ലോജിസ്റ്റിക്‌സ്, അടിസ്ഥാന സൗകര്യങ്ങള്‍, പ്രാപ്തമാക്കല്‍ സേവനങ്ങള്‍ എന്നിവയും വിലയിരുത്തി.



