ജിദ്ദ – ബാച്ചിലേഴ്‌സിന് കെട്ടിടം ലൈസൻസില്ലാതെ താമസസൗകര്യം നൽകിയാൽ രണ്ടായിരം മുതൽ പതിനായിരം റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി നഗരസഭ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കെട്ടിടങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും ഇത്തരം കെട്ടിടങ്ങളില്‍ പരിശോധന നടത്താനുള്ള സംവിധാനവും വിശദീകരിക്കുന്ന ഗൈഡ് നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയം അംഗീകരിച്ചു. നിയമ ലംഘനങ്ങള്‍ക്ക് പരമാവധി പതിനായിരം റിയാല്‍ വരെ പിഴ ചുമത്തും.
നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ലൈസന്‍സ് നേടാതെ ബാച്ചിലേഴ്‌സിന് കൂട്ടത്തോടെ താമസസൗകര്യം നല്‍കിയാലും നേരത്തെ നൽകിയ ലൈസൻസിന്റെ കാലാവധി പുതുക്കിയില്ലെങ്കിലും 2,000 റിയാല്‍ മുതല്‍ 10,000 റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ആയിരത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള താമസസ്ഥലങ്ങളില്‍ അടിയന്തിര മെഡിക്കല്‍ സേവനങ്ങള്‍ നല്‍കാന്‍ മെയില്‍ നഴ്സിന്റെ സാന്നിധ്യമുള്ള എമര്‍ജന്‍സി മുറി ഒരുക്കണം. അയ്യായിരത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന താമസസ്ഥലങ്ങളില്‍ ഡോക്ടറും നഴ്സും അടങ്ങിയ മെഡിക്കല്‍ ക്ലിനിക് ഒരുക്കണം. ഇവ ഒരുക്കില്ലെങ്കിൽ 4,000 റിയാല്‍ മുതല്‍ 8,000 റിയാല്‍ വരെ പിഴ ചുമത്തും.
വ്യക്തികള്‍ക്ക് കൂട്ടായ താമസസൗകര്യം നല്‍കാന്‍ തയാറാക്കുന്ന കെട്ടിടം ഫാമിലികള്‍ക്കും വ്യക്തികള്‍ക്കുമുള്ള താമസസ്ഥലമായി ഒരേസമയം ഉപയോഗിക്കാൻ അനുവദിക്കരുത്. കിടപ്പുമുറികളില്‍ ഒരാള്‍ക്ക് നിശ്ചിത വിസ്തീര്‍ണത്തില്‍ സ്ഥലം അനുവദിക്കണം എന്നും വ്യവസ്ഥയിലുണ്ട്. ഓരോ എട്ടു പേര്‍ക്കും അതില്‍ താഴെ പേര്‍ക്കും ഒരു ടോയ്ലെറ്റും ഒരു ഹാന്‍ഡ് ബേസിനും ഒരു ഷവറും എന്ന നിരക്കില്‍ വൃത്തിയുള്ളതും ഉപയോഗയോഗ്യവുമായ ടോയ്‌ലെറ്റുകള്‍ ഒരുക്കാതിരിക്കല്‍, ലൈസന്‍സില്‍ വ്യക്തമാക്കിയ ശേഷിയില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിക്കല്‍, താമസക്കാരുടെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ചുവരുകളിലോ മേല്‍ക്കൂരകളിലോ വിള്ളലുകള്‍, പ്ലംബിംഗ് ചോര്‍ച്ചകള്‍ എന്നിവ ഉണ്ടാകല്‍ എന്നീ സാഹചര്യങ്ങളില്‍ 1,000 റിയാല്‍ മുതല്‍ 5,000 റിയാല്‍ വരെ പിഴ ചുമത്തും. മലിനജലവും മഴവെള്ളവും തിരിച്ചുവിടാന്‍ ഡ്രെയിനേജ് ശൃംഖല ഒരുക്കാതിരിക്കല്‍, ജല, മലിനജല ടാങ്കുകളും മാന്‍ഹോളുകളും സുരക്ഷിതമായി മൂടാതിരിക്കല്‍, ജല ടാങ്കുകള്‍ നല്ല രീതിയില്‍ പരിപാലിക്കുകയും വൃത്തിയാക്കുകയും ചെയ്യാതിരിക്കല്‍, കിടപ്പുമുറികളില്‍ എയര്‍ കണ്ടീഷനറുകളും ഹീറ്ററുകളും സ്ഥാപിക്കാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 800 റിയാല്‍ മുതല്‍ 4,000 റിയാല്‍ വരെയാണ് പിഴ.
മലിനജല ചോര്‍ച്ചയോ മലിനജലം കവിഞ്ഞൊഴുകുകയോ ചെയ്യല്‍, പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുകയോ ഭക്ഷ്യവിഷബാധയോ പോലുള്ള ആരോഗ്യസ്ഥിതി റിപ്പോര്‍ട്ട് ചെയ്യേണ്ടിവരുമ്പോള്‍ സൂപ്പര്‍വൈസര്‍ ആരോഗ്യ നടപടിക്രമങ്ങള്‍ പാലിക്കാതിരിക്കല്‍, ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുണ്ടെന്ന് സൂപ്പര്‍വൈസര്‍ ഉറപ്പാക്കാതിരിക്കല്‍, സ്ഥാപനങ്ങളില്‍ രജിസ്റ്ററിന്റെയും താമസക്കാരുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും അഭാവം, ഓരോ സ്ഥാപനത്തിലെയും ജീവനക്കാരുടെ എണ്ണം, ഓരോ താമസക്കാരന്റെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് വിവരങ്ങള്‍ എന്നിവ ഇല്ലാതിരിക്കല്‍, ആംബുലന്‍സ്, പോലീസ്, മുനിസിപ്പാലിറ്റി പരാതികള്‍, സിവില്‍ ഡിഫന്‍സ് എന്നിവയുടെ നമ്പറുകള്‍ അടങ്ങിയ പോസ്റ്ററുകള്‍ ഓരോ റെസിഡന്‍ഷ്യല്‍ യൂണിറ്റിലും ഇല്ലാതിരിക്കല്‍ എന്നിവക്കും ഇതേ പിഴയാണ് ലഭിക്കുക.
രോഗലക്ഷണങ്ങള്‍ കാണിക്കുന്ന താമസക്കാര്‍ക്കു വേണ്ടി സജ്ജീകരിച്ച ഐസൊലേഷന്‍ മുറി ഇല്ലാതിരിക്കല്‍, പകര്‍ച്ചവ്യാധി സാഹചര്യങ്ങളില്‍ ഐസൊലേഷന്‍ മുറികള്‍ വേണ്ടത്ര ഇല്ലാതിരിക്കല്‍, കിടപ്പുമുറികള്‍, ലോഞ്ചുകള്‍, ഭക്ഷണം തയാറാക്കുന്ന മുറികള്‍, ഭക്ഷണശാലകള്‍, കുളിമുറികള്‍ എന്നിവയില്‍ പൊടിയും അവശിഷ്ടങ്ങളും അടിഞ്ഞുകൂടുന്നത് തടയാന്‍ രൂപകല്‍പന ചെയ്ത ജനാലകള്‍ ഇല്ലാതിരിക്കല്‍, പ്രാണികളും രോഗവാഹകരായ കൊതുകുകളും പ്രവേശിക്കുന്നത് തടയാന്‍ ജനാലകളില്‍ ഇരുമ്പ് വലകള്‍ ഇല്ലാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 600 റിയാല്‍ മുതല്‍ 3,000 റിയാല്‍ വരെ പിഴയാണ് വ്യവസ്ഥ ചെയ്യുന്നത്.
വൈദ്യുതിയും കുടിവെള്ളവും ലഭ്യമല്ലാത്തതിനും കാറ്ററിംഗ് സേവനങ്ങളോ സെന്‍ട്രല്‍ അടുക്കളയോ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സ് കെട്ടിടങ്ങളിലെ ഓരോ നിലയിലും മിനിമം എണ്ണം അടുക്കളകളോ ഇല്ലാത്തതിനും ഇതേ പിഴ ബാധകമാണ്. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളില്‍ ഓരോ നിലയിലും കുറഞ്ഞത് രണ്ട് അടുക്കളകളെങ്കിലും ഒരുക്കാതിരിക്കുന്നതിനും അടുക്കളകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കുന്നതിനും പിഴ ചുമത്തും. സ്ത്രീകളുടെ താമസസ്ഥലങ്ങളെ പുരുഷന്മാര്‍ക്കുള്ള താമസസ്ഥലങ്ങളില്‍ നിന്ന് വേര്‍തിരിക്കാതിരിക്കുന്നതിനും കെട്ടിടത്തിന്റെ മേല്‍ക്കൂരകള്‍, ഇടനാഴികള്‍, ബേസ്‌മെന്റ് എന്നിവ ആളുകളെ പാര്‍പ്പിക്കാന്‍ ഉപയോഗപ്പെടുത്തുന്നതിനും നമസ്‌കാര സ്ഥലം ഒരുക്കാത്തതിനും നമസ്‌കാര സ്ഥലം പതിവായി വൃത്തിയായി പരിപാലിക്കാതിരിക്കുന്നതിനും ഇതേ പിഴ തന്നെയായിരിക്കും ലഭിക്കുക. മറ്റു നിരവധി നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളും മന്ത്രാലയം ഗൈഡില്‍ നിര്‍ണയിച്ചിട്ടുണ്ട്.