ജിദ്ദ – യാത്രക്കാരുടെ അവകാശങ്ങള്‍ പാലിക്കാത്തതിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ വിമാന കമ്പനികള്‍ക്ക് 86 ലക്ഷത്തിലേറെ പിഴ ചുമത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അതോറിറ്റിക്കു കീഴിലെ പ്രത്യേക കമ്മിറ്റിയാണ് വിമാന കമ്പനികളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങള്‍ പരിശോധിച്ച് പിഴകള്‍ ചുമത്തിയത്. മൂന്നു മാസത്തിനിടെ വിമാന കമ്പനികളുടെയും യാത്രക്കാരുടെയും ഭാഗത്ത് ആകെ 197 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിന് ആകെ 86,98,100 റിയാല്‍ പിഴ ചുമത്തി.
യാത്രക്കാരുടെ അവകാശ സംരക്ഷണ നിയമാവലി പാലിക്കാത്തതുമായി ബന്ധപ്പെട്ട 177 നിയമ ലംഘനങ്ങള്‍ വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 84,60,000 റിയാലാണ് പിഴ ചുമത്തിയത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിയമവും അതോറിറ്റിയുടെ നിര്‍ദേശങ്ങളും പാലിക്കാത്തത്തതിന് നാലു വിമാന കമ്പനികള്‍ക്ക് ആകെ ഒന്നര ലക്ഷം റിയാലും പിഴ ചുമത്തി. ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതുമായി ബന്ധപ്പെട്ട മൂന്നു നിയമ ലംഘനങ്ങളും വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 60,000 റിയാല്‍ പിഴ ചുമത്തി.
വ്യക്തികളുടെ ഭാഗത്ത് 13 നിയമ ലംഘനങ്ങളാണ് മൂന്നാം പാദത്തില്‍ കണ്ടെത്തിയത്. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനില്‍ നിന്ന് ലൈസന്‍സ് നേടാതെ ഡ്രോണുകള്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട നാലു നിയമ ലംഘനങ്ങള്‍ക്ക് ആകെ 25,000 റിയാല്‍ പിഴ ചുമത്തി. വ്യോമയാന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ഒമ്പതു യാത്രക്കാര്‍ക്ക് ആകെ 3,100 റിയാലും പിഴ ചുമത്തി.