ജിദ്ദ – ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ പാര്‍പ്പിട യൂണിറ്റുകള്‍ പുനര്‍ വിഭജിക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് രണ്ടു ലക്ഷം റിയാല്‍ വരെ പിഴ ലഭിമെന്നും സൗദി നഗരസഭാ, ഭവനകാര്യ മന്ത്രാലയം വ്യക്തമാക്കി. ബന്ധപ്പെട്ട അധികാരികളിൽനിന്ന് അനുമതി വാങ്ങാതെ ഇത്തരത്തിലുള്ള അംഗീകൃത നഗരസഭാ പെര്‍മിറ്റുകള്‍ നേടാതെ പാര്‍പ്പിട യൂണിറ്റുകളില്‍ നടത്തുന്ന ക്രമക്കേടുകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ജീവിത നിലവാരത്തെയും നഗര ഘടനയെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിയമ വിരുദ്ധമായി വിഭജിച്ച പാര്‍പ്പിട യൂണിറ്റുകള്‍ കണ്ടെത്തി പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രാലയത്തിന്റെ പിന്തുണയോടെ മുനിസിപ്പാലിറ്റികള്‍ ഫീല്‍ഡ് പരിശോധനകള്‍ നടത്തുന്നത് തുടരുകയാണ്. നഗരസഭാ, ഭവനകാര്യ മന്ത്രാലയത്തിനു കീഴിലെ ബലദീ ആപ്പ് ആപ്പ് വഴി ലഭിക്കുന്ന പരാതികളുടെയും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലും പരിശോധനകള്‍ നടത്തുന്നുണ്ട്.
പാര്‍പ്പിട യൂണിറ്റുകളെ ചെറിയ ഭാഗങ്ങളായി പുനര്‍ വിഭജിക്കുക, ഉള്‍വശത്ത് പുതിയ വാതിലുകള്‍ തുറക്കുക, ആവശ്യമായ പെര്‍മിറ്റുകള്‍ നേടാതെ പുറത്തേക്കുള്ള വഴികളില്‍ മാറ്റം വരുത്തുക എന്നിവയാണ് ഏറ്റവും പ്രധാനപ്പെട്ട നിയമ ലംഘനങ്ങള്‍. ഇവ പൊതു സുരക്ഷയെയും അടിസ്ഥാന സൗകര്യങ്ങളെയും മുനിസിപ്പല്‍ സേവനങ്ങളെയും നഗരങ്ങളിലെ സാമൂഹികവും സാമ്പത്തികവുമായ സന്തുലിതാവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
പരസ്യദാതാവ്, ഉടമ, നിക്ഷേപകന്‍, വാടകക്കാരന്‍ എന്നിവരുള്‍പ്പെടെ നിയമ ലംഘനത്തില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികള്‍ക്കുമെതിരെ അംഗീകൃത മുനിസിപ്പല്‍ ചട്ടങ്ങളുടെയും നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കും. പാര്‍പ്പിട യൂണിറ്റുകളുമായി ബന്ധപ്പെട്ട അംഗീകൃത വ്യവസ്ഥകള്‍ എല്ലാവരും പാലിക്കണം. മുനിസിപ്പാലിറ്റികള്‍ നല്‍കുന്ന ഔദ്യോഗിക ലൈസന്‍സില്ലാതെ വിഭജിച്ച പാര്‍പ്പിട യൂണിറ്റുകള്‍ ഇലക്ട്രോണിക് ആപ്ലിക്കേഷനുകള്‍ വഴി വാടകക്ക് പ്രദര്‍ശിപ്പിക്കുന്നതിനും വാടകക്ക് നല്‍കുന്നതിനും വിലക്കുണ്ട്.
ഇത്തരം പ്രവണതകള്‍ പാര്‍പ്പിട ഉപയോഗത്തിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങളെ കുറിച്ച് ബലദീ ആപ്പ് വഴിയോ ഏകീകൃത നമ്പറായ 940 ല്‍ ബന്ധപ്പെട്ടോ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സ്വദേശികളോടും വിദേശികളോടും നഗരസഭാ, ഭവനകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.