ജിദ്ദ – പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള വ്യാജ സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ബാറ്ററികളും ചാര്‍ജറുകളും ഇയര്‍ഫോണുകളും കേബിളുകളും വില്‍പന നടത്തുകയും വില്‍പനക്ക് പ്രദര്‍ശിപ്പിക്കുകയും ചെയ്ത സ്ഥാപനത്തിനും സ്ഥാപന മാനേജര്‍ക്കും ജിദ്ദ ക്രിമില്‍ കോടതി 50,000 റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന അബീര്‍ അതീഖ് അലി അല്‍സഹ്‌റാനി എസ്റ്റാബ്ലിഷ്‌മെന്റിനും സ്ഥാപനത്തിന്റെ മാനേജറായ സൗദി പൗരന്‍ സഈദ് അലി സഈദ് അല്‍സഹ്‌റാനിക്കുമാണ് പിഴ.
സ്ഥാപനത്തില്‍ കണ്ടെത്തിയ വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടുകെട്ടാനും സ്ഥാപനത്തിന്റെയും മാനേജറുടെയും പേരുവിരങ്ങളും സ്ഥാപനം നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ വാണിജ്യ മന്ത്രാലയ സംഘം നടത്തിയ പരിശോധനയില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്ത, പ്രശസ്തമായ കമ്പനികളുടെ പേരിലുള്ള 5,121 വ്യാജ ബാറ്ററികളും ചാര്‍ജറുകളും ഇയര്‍ഫോണുകളും കേബിളുകളും വില്‍പനക്ക് പ്രദര്‍ശിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.
സൗദിയില്‍ വാണിജ്യ വഞ്ചനാ വിരുദ്ധ നിയമം അനുസരിച്ച് വാണിജ്യ വഞ്ചനാ കേസ് പ്രതികള്‍ക്ക് മൂന്നു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ട്രേഡ്മാര്‍ക്ക് നിയമം ലംഘിച്ച് വ്യാജ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നവര്‍ക്കും ഇത്തരം ഉല്‍പന്നങ്ങള്‍ വില്‍പനക്കായി സൂക്ഷിക്കുന്നവര്‍ക്കും ഒരു വര്‍ഷം വരെ തടവും അര ലക്ഷം റിയാല്‍ മുതല്‍ പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.