മക്ക – ഇന്‍വെസ്റ്റര്‍ ലൈസന്‍സ് നേടാതെ മക്കയില്‍ ബിനാമിയായി മിനിമാര്‍ക്കറ്റ് നടത്തിയ പ്രവാസിക്ക് പിഴ. ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹാറൂന്‍ അല്‍റശീദ് ഹാജി അബ്ദുറഹ്മാനിനാണ് മക്ക ക്രിമിനല്‍ കോടതി 5,000 റിയാല്‍ പിഴ ചുമത്തിയത്. ബിനാമി സ്ഥാപനം അടച്ചുപൂട്ടല്‍, ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കല്‍, ബിനാമി സ്ഥാപനം നടത്താന്‍ ബംഗ്ലാദേശുകാരന് കൂട്ടുനിന്ന സൗദി പൗരന് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് അഞ്ചു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തല്‍, ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ബംഗ്ലാദേശുകാരനെ സൗദിയില്‍ നിന്ന് നാടുകടത്തി പ്രവേശന വിലക്കേര്‍പ്പെടുത്തല്‍, നിയമാനുസൃത സകാത്തും നികുതികളും ഫീസുകളും ഈടാക്കല്‍ അടക്കമുള്ള ശിക്ഷകളും കോടതി വിധിച്ചു. ബംഗ്ലാദേശുകാരന്റെ പേരുവിവരങ്ങളും ഇയാള്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷകളും നിയമ ലംഘകന്റെ ചെലവില്‍ പത്രത്തില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.
കയറ്റിറക്ക് തൊഴിലാളി പ്രൊഫഷനിലുള്ള ഇഖാമയില്‍ രാജ്യത്ത് കഴിയുന്ന ബംഗ്ലാദേശുകാരന്‍ തന്റെ ജോലിക്ക് നിരക്കാത്ത നിലക്ക് ഭീമമായ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നതായി കണ്ടെത്തിയിരുന്നു. കെട്ടിട വാടക നല്‍കിയിരുന്നതും കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ മൊത്തമായി വിതരണം ചെയ്തിരുന്ന കമ്പനികളുമായും സ്ഥാപനങ്ങളുമായും സെയില്‍സ്മാന്മാരുമായും മിനിമാര്‍ക്കറ്റ് ഉടമയെന്നോണം പ്രതി തന്നെയാണ് ഇടപാടുകള്‍ നടത്തിയിരുന്നതെന്നും കണ്ടെത്തി.



