റിയാദ്: പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (പി.ഐ.എഫ്) ഗൂഗ്ളും ചേര്‍ന്ന് കിഴക്കന്‍ പ്രവിശ്യയിലെ ദമാമിനു സമീപം പുതിയ ആഗോള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രം സ്ഥാപിക്കുന്നു. റിയാദില്‍ നടന്ന എട്ടാമത് ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിനിടെ പി.ഐ.എഫും ഗൂഗ്ള്‍ ക്ലൗഡും ഇതിനുള്ള കരാറില്‍ ഒപ്പുവെച്ചു. സൗദിയിലേയും വിദേശ രാജ്യങ്ങളിലേയും സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും പ്രയോജനപ്പെടുത്താവുന്ന ആഗോള കേന്ദ്രമായിരിക്കുമിത്. എ.ഐ സാങ്കേതികവിദ്യകളുടെ വികസന രംഗത്ത് സൗദിയെ മുൻനിരയിലെത്തിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി മേഖലയില്‍ 50 ശതമാനം വളര്‍ച്ച കൈവരിക്കുക എന്ന സൗദി അറേബ്യയുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ക്കനുസൃതമായി വിവിധ പദ്ധതികളാണ് ഗൂഗ്ളുമായി ചേർന്ന് ഈ പദ്ധതിയിലൂടെ നടപ്പിലാക്കുക. വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ആവശ്യമായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ നൈപുണ്യ വികസനം, പരിശീലനം എന്നിവയും ഇതിലുൾപ്പെടുന്നു.
ഈ പങ്കാളിത്തത്തിലൂടെ ഗുണഭോക്താക്കള്‍ക്ക് ഗൂഗിള്‍ ക്ലൗഡിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആപ്ലിക്കേഷൻ, എ.ഐ മോഡൽ വികസനശേഷി മെച്ചപ്പെടുത്താനും സൗകര്യമൊരുങ്ങും. പ്രാദേശിക തലത്തില്‍ വേഗത്തിലുള്ള എ.ഐ ആപ്ലിക്കേഷനുകളുടെയും ഡാറ്റാ സേവനങ്ങളുടെയും നേട്ടങ്ങള്‍ കമ്പനികള്‍ക്കും അവരുടെ ഉപഭോക്താക്കള്‍ക്കും പ്രയോജനപ്പെടുത്താനും പദ്ധതി വഴിയൊരുക്കും. ഈ പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്ന ഏറ്റവും മികച്ച പശ്ചാത്തല സൗകര്യങ്ങളില്‍ പുതിയ ടി.പി.യു, ജി.പി.യു ആക്‌സിലറേറ്ററുകളും, ഗൂഗിള്‍ ക്ലൗഡിന്റെ പ്രത്യേക വികസന പ്ലാറ്റ്‌ഫോം ആയ വെര്‍ടെക്‌സ് എ.ഐയും ഉള്‍പ്പെടും. ജനറേറ്റീവ് എ.ഐ ആപ്ലിക്കേഷനുകള്‍ നിര്‍മിക്കാൻ സഹായിക്കുന്ന മികച്ച പ്ലാറ്റ്ഫോമാണിത്.
മൂന്നു ഭൂഖണ്ഡങ്ങള്‍ക്കിടയിലെ തന്ത്രപ്രധാനമായ സൗദിയുടെ സ്ഥാനം, നൂതനമായ അടിസ്ഥാന സൗകര്യങ്ങള്‍, മിഡില്‍ ഈസ്റ്റില്‍ അതിവേഗം വളരുന്ന വിപണികളോടുള്ള സാമീപ്യം എന്നിവ പ്രയോജനപ്പെടുത്താന്‍ നിക്ഷേപകര്‍ക്ക് സാധിക്കുമെന്നതിനാല്‍ സാങ്കേതികവിദ്യാ രംഗത്ത് അറേബ്യയുടെ ആകര്‍ഷണീയത ഈ പദ്ധതി വർധിപ്പിക്കുന്നു. കൂടാതെ പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ലഭ്യതയും രാജ്യത്ത് ലഭ്യമാണ്.
സൗദിയില്‍ ഗൂഗ്ളിന്റെ പുതിയ എ.ഐ സെന്ററിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണര്‍ യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു. മാനുഷികവും സാങ്കേതികവുമായ മൂലധനത്തില്‍ നിക്ഷേപിക്കുന്നതിലൂടെയും, സുസ്ഥിരവും നൂതനവുമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തെ പിന്തുണക്കാന്‍ അഡ്വാന്‍സ്ഡ് ഉപകരണങ്ങള്‍ ഉപയോഗിച്ച് ആയിരക്കണക്കിന് ആളുകളുടെ ശേഷികള്‍ മെച്ചപ്പെടുത്തുന്നതിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പങ്ക് ഈ പങ്കാളിത്തം പ്രതിഫലിപ്പിക്കുന്നു. ആഗോള സാങ്കേതിക പങ്കാളികളുടെ പ്രധാന കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഈ പങ്കാളിത്തം എടുത്തുകാണിക്കുന്നു. ഈ പങ്കാളിത്തത്തെ സേവിക്കുന്ന നിലയില്‍ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഈ മേഖലയിലെ വൈദഗ്ധ്യവും ദീര്‍ഘകാല നിക്ഷേപവും ഉപയോഗിക്കുമെന്നും യാസിര്‍ അല്‍റുമയ്യാന്‍ പറഞ്ഞു.
സൗദി അറേബ്യ, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ലോകം എന്നിവിടങ്ങളില്‍ ആരോഗ്യ പരിചരണം, വാണിജ്യ, സാമ്പത്തിക സേവനങ്ങള്‍ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി പ്രാദേശിക ഭാഷയില്‍ നിര്‍മിതബുദ്ധി പരിഹാരങ്ങള്‍ സ്വീകരിക്കുന്നത് സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ത്വരിതപ്പെടുത്തുമെന്ന് ആല്‍ഫബൈറ്റിന്റെയും ഗൂഗിളിന്റെയും പ്രസിഡന്റും ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറുമായ റൂത്ത് പൊരാറ്റ് പറഞ്ഞു. സൗദിയിലെ നൂതന സാങ്കേതിക സംവിധാനത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ക്ലൗഡ് സൊല്യൂഷനുകള്‍ സ്വീകരിക്കുന്നതിലൂടെ സൗദികള്‍ക്ക് ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അന്താരാഷ്ട്ര കമ്പനികള്‍ക്ക് അവരുടെ വളര്‍ച്ച വര്‍ധിപ്പിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ നല്‍കാനും ഞങ്ങള്‍ ലക്ഷ്യമിടുന്നതായും റൂത്ത് പൊരാറ്റ് പറഞ്ഞു.