ജിദ്ദ – ഫൈസലിയ, അല്‍റബ്‌വ, അല്‍ഫാറൂഖ് ഡിസ്ട്രിക്ടുകളില്‍ ഇടിഞ്ഞുവീഴാറായ കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി ജിദ്ദ നഗരസഭ വിച്ഛേദിച്ചു. പൊതുജന സുരക്ഷ വര്‍ധിപ്പിക്കാനും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണിത്. ഉടമകളെ അറിയിക്കുകയും ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുകയും മതിയായ സമയം നല്‍കുകയും ചെയ്ത ശേഷമാണ് കണക്ഷന്‍ വിച്ഛേദിക്കാന്‍ നടപടി സ്വീകരിച്ചത്.
ജീര്‍ണിച്ച കെട്ടിടങ്ങളുടെ അവസ്ഥ പരിഹരിക്കാനും താമസക്കാര്‍ക്കും നഗര പരിസ്ഥിതിക്കും ഉണ്ടാകുന്ന അപകടസാധ്യതകള്‍ ലഘൂകരിക്കാനുമുള്ള പദ്ധതിയുടെ ഭാഗമായി, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എമര്‍ജന്‍സി ആന്റ് ക്രൈസിസ് മാനേജ്മെന്റിന്റെ മേല്‍നോട്ടത്തിലാണ് ഇത്തരം കെട്ടിടങ്ങളിലേക്കുള്ള വൈദ്യുതി കണക്ഷന്‍ വിച്ഛേദിക്കുന്നത്.