ജിദ്ദ – എബോള വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന് എന്നിവിടങ്ങളിലേക്കുള്ള സൗദി പൗരന്മാരുടെ യാത്ര താല്‍ക്കാലികമായി വിലക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാത്തരം വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കും ഏര്‍പ്പെടുത്തി. സൗദിയില്‍ എത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ ഒന്നില്‍ താമസിച്ച് മറ്റ് രാജ്യങ്ങള്‍ വഴി എത്തുന്നവര്‍ക്കും വിലക്ക് ബാധകമാണ്.
സ്വദേശികളുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ആഗോള ആരോഗ്യ സംരക്ഷണത്തിന് സഹായിക്കാനും സൗദിയിലെ ആരോഗ്യ അപകടസാധ്യത നിരീക്ഷണവും പ്രതികരണ സംവിധാനവും ബന്ധപ്പെട്ട ആഭ്യന്തര, അന്തര്‍ദേശീയ വകുപ്പുളുമായി തുടര്‍ച്ചയായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എബോള വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ അയല്‍ രാജ്യങ്ങളായ റുവാണ്ട, ബുറുണ്ടി, ടാന്‍സാനിയ, കോംഗോ റിപ്പബ്ലിക് (ബ്രാസാവില്ലെ) എന്നിവിടങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ക്ക് പ്രവേശന കവാടങ്ങളില്‍ സ്ക്രീനിംഗ് നടപടിക്രമങ്ങള്‍, ആരോഗ്യ നിരീക്ഷണം, മുന്‍കൂട്ടിയുള്ള ആരോഗ്യ പ്രതികരണ സംവിധാനങ്ങള്‍ എന്നിവ ശക്തമാക്കിക്കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ നേരത്തെ കര്‍ശനമാക്കിയിരുന്നു. ഈ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കിയതിനുശേഷം സൗദിയില്‍ സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നതോ ആയ എബോള കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാനും രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സ്വീകരിച്ച സാധാരണ പ്രതിരോധ നടപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.







