ദമാം: തിരിച്ചുവരുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, പ്രവാസി പെൻഷൻ, വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ സബ്സിഡി വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങിയ പ്രവാസികളുടെ കാലങ്ങളായുള്ള ആവശ്യം തീർത്തും അവഗണിച്ച ബജറ്റാണ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചതെന്ന് പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആരോപിച്ചു.

സമാനതയില്ലാത്ത പ്രകൃതി ദുരന്തം സംഭവിച്ച വയനാടിൻ്റെ പുനരധിവാസത്തിന് സഹായം നൽകാനുള്ള മനുഷ്യത്വപരമായ ഉത്തരവാദിത്വം നടപ്പാക്കാൻ പോലും സർക്കാർ തയ്യറായില്ല എന്നത് ഖേദകരമാണ്.
ഫെഡറൽ സംവിധാനത്തിൻ്റെ അന്തസത്ത പാലിച്ച് എല്ലാ സംസ്ഥാനങ്ങളോടും നീതി കാണിക്കുന്ന സമീപനം അല്ല സർക്കാർ സ്വീകരിക്കുന്നതെന്ന് ബജറ്റ് ഒരിക്കൽ കൂടി തെളിയിച്ചുവെന്ന് യോഗം വിലയിരുത്തി. ഷബീർ ചാത്തമംഗലം അധ്യക്ഷത വഹിച്ചു. ഷക്കീർ ബിലാവിനകത്ത് സ്വാഗതവും അഡ്വ. നവീൻ കുമാർ നന്ദിയും പറഞ്ഞു.