റിയാദ് – ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയില്‍ സൗദി അറേബ്യയും കെനിയയും പുതിയ കരാര്‍ ഒപ്പുവെച്ചു. സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടി മാനവശേഷി, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല ബിന്‍ നാസര്‍ അബൂസ്നൈനും കെനിയയെ പ്രതിനിധീകരിച്ച് തൊഴില്‍, സാമൂഹിക സുരക്ഷാ മന്ത്രി ഡോ. ആല്‍ഫ്രഡ് എന്‍ഗംഗ മുതുവയുമാണ് കരാറില്‍ ഒപ്പുവെച്ചത്. റിയാദില്‍ സൗദി വിദേശ മന്ത്രാലയ ആസ്ഥാനത്ത് സൗദി-കെനിയന്‍ രാഷ്ട്രീയ കൂടിയാലോചന സമിതിയുടെ ആദ്യ യോഗത്തോടനുബന്ധിച്ച് വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ലയുടെയും കെനിയന്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ഡോ. മുസാലിയ മുദവാദിയുടെയും സാന്നിധ്യത്തിലാണ് ഒപ്പുവെക്കല്‍ ചടങ്ങ് നടന്നത്. തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും അവര്‍ തമ്മിലുള്ള കരാര്‍ ബന്ധം നിയന്ത്രിക്കുകയും ചെയ്തുകൊണ്ട്, രാജ്യത്ത് നിയമപരമായി ജോലി ചെയ്യാനായി കെനിയയില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളുടെ ഫലപ്രദമായ റിക്രൂട്ട്‌മെന്റ് ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയാണ് കരാറിന്റെ ലക്ഷ്യം. ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ് മേഖലയില്‍ സൗദി അറേബ്യയും കെനിയയും തമ്മിലുള്ള സഹകരണ ചട്ടക്കൂട് അപ്‌ഡേറ്റ് ചെയ്യലും കരാറിന്റെ ലക്ഷ്യമാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വികസിപ്പിക്കാനും പൊതു താല്‍പ്പര്യങ്ങള്‍ നിറവേറ്റാനും പ്രാദേശിക സുരക്ഷക്കും സ്ഥിരതക്കും പിന്തുണ നല്‍കാനും ഏകോപനവും കൂടിയാലോചനയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് സൗദി-കെനിയന്‍ രാഷ്ട്രീയ കൂടിയാലോചന സമിതിയുടെ ആദ്യ യോഗം നടന്നത്. യോഗത്തിന്റെ അവസാനത്തില്‍ തൊഴില്‍ കരാറിനു പുറമെ മൂന്ന് ധാരണാപത്രങ്ങളിലും ഒപ്പുവെച്ചു. നേരിട്ടുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള ധാരണാപത്രത്തില്‍ സൗദി നിക്ഷേപ മന്ത്രി ഫഹദ് അബ്ദുല്‍ജലീല്‍ അല്‍സെയ്ഫും കെനിയന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുസാലിയ മുദവാദിയും ഒപ്പിട്ടു. കസ്റ്റംസ് കാര്യങ്ങളില്‍ സഹകരണവും പരസ്പര സഹായവും സംബന്ധിച്ച ധാരണാപത്രത്തില്‍ സൗദി സകാത്ത്, നികുതി ആന്റ് കസ്റ്റംസ് അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനീയര്‍ സുഹൈല്‍ ബിന്‍ മുഹമ്മദ് അബാനമിയും കെനിയന്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഡോ. മുസാലിയ മുദവാദിയും ഒപ്പുവെച്ചു.
സൗദി എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്കും കെനിയ ഡെവലപ്മെന്റ് കോര്‍പ്പറേഷനും തമ്മിലാണ് മൂന്നാമത്തെ ധാരണാപത്രം ഒപ്പുവെച്ചത്. സൗദി എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് സി.ഇ.ഒ എന്‍ജിനീയര്‍ സഅദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഖലബും കെനിയ ഡെവലപ്മെന്റ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഡോ. നൂറ റാത്തിമോയും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. സൗദി ഡെപ്യൂട്ടി വിദേശ മന്ത്രി എന്‍ജിനീയര്‍ വലീദ് അല്‍ഖുറൈജി, വിദേശ മന്ത്രാലയത്തിലെ രാഷ്ട്രീയകാര്യ അണ്ടര്‍ സെക്രട്ടറി അംബാസഡര്‍ ഡോ. സൗദ് അല്‍സാതി, കെനിയയിലെ സൗദി അംബാസഡര്‍ സഅദ് അല്‍നുഫൈഇ, വിദേശ മന്ത്രാലയത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കായുള്ള ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ജനറല്‍ സഖര്‍ അല്‍ഖുറശറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



