മക്ക: വിശുദ്ധ ഹറമില്‍ സ്ഥാപിച്ച സംസം ടാപ്പുകളില്‍ നിന്ന് അംഗശുദ്ധി വരുത്തരുതെന്ന് വിശ്വാസികളോടും തീര്‍ഥാടകരോടും ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. സ്ഥലം വൃത്തിയായി സൂക്ഷിക്കാനും വെള്ളം പാഴാക്കപ്പെടുന്നത് ഒഴിവാക്കാനും ടാപ്പുകള്‍ക്ക് ചുറ്റമുള്ള തിരക്ക് കുറക്കാനും പ്രത്യേക ഔത്സുക്യം കാണിച്ച് സംസം ടാപ്പുകള്‍ സംസം കുടിക്കാന്‍ മാത്രം ഉപയോഗിക്കണം. സംസം വെള്ളത്തിന്റെ പുണ്യം മനസിലാക്കേണ്ടത് അത് സംരക്ഷിക്കുകയും ശരിയായി ഉപയോഗിക്കുകയും ചെയ്യുന്നതിലൂടെയാണ്. ഇക്കാര്യത്തില്‍ തീര്‍ഥാടകര്‍ സഹകരിക്കുകയും നിര്‍ദേശങ്ങള്‍ പാലിക്കുകയും വേണം. ഇത് ഹറമിനുള്ളില്‍ എല്ലാവര്‍ക്കും സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യാന്‍ സഹായിക്കുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
സംസം എന്നത് ഒരാള്‍ക്ക് സമാധാനം നല്‍കുന്ന അനുഗ്രഹമാണ്. ദൈവത്തിന്റെ നാമം ഉച്ചരിച്ചു (ബിസ്മി ചൊല്ലി) കൊണ്ട് വലതു കൈകൊണ്ട് കുടിച്ച് അനുഗ്രഹം അനുഭവിക്കണം. സംസം വെള്ളം കുടിക്കുമ്പോള്‍ നിസ്വാര്‍ഥത പുലര്‍ത്തണം. തിക്കും തിരക്കും ഒഴിവാക്കണമെന്നും സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും ഹജ്, ഉംറ മന്ത്രാലയം നിര്‍ദേശിച്ചു. വിശുദ്ധ ഹറമില്‍ 20,000 ഓളം വലിയ സംസം ജാറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവക്കു പുറമെ ഹറമിനകത്ത് നൂറു കണക്കിന് സ്ഥലങ്ങളില്‍ സംസം ടാപ്പുകളുമുണ്ട്.