ജിദ്ദ -സൗദിയിൽ പത്തു വയസിന് താഴെ പ്രായമുള്ള കുട്ടികളെ മുതിര്‍ന്നവര്‍ ഒപ്പമില്ലാതെ വാഹനത്തിനുള്ളില്‍ ഒറ്റക്ക് ഇരുത്തുന്നത് ഗതാഗത നിയമ ലംഘനമാണെന്നും ഇതിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്നും സൗദി ട്രാഫിക് ഡയറക്‌ടേറ്റ് മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ സുരക്ഷ മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് സൗദി ട്രാഫിക് ഡയറക്‌ടേറ്റ് എക്‌സ് പ്ലാറ്റ്ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ വിശദീകരിച്ചു. താപനില ഉയരുന്ന സാഹചര്യവും വാഹനം പെട്ടെന്ന് നീങ്ങാനുള്ള സാധ്യതയും കുട്ടികളെ വാഹനങ്ങള്‍ക്കുള്ളില്‍ ഒറ്റക്ക് ഉപേക്ഷിക്കുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കും. ഗതാഗത നിയമങ്ങളും നിര്‍ദേശങ്ങളും യാത്രക്കിടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കണം. സാമൂഹിക അവബോധം വളര്‍ത്താനും ജീവന്‍ സംരക്ഷിക്കാനുമാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളുടെ ലക്ഷ്യം.


ഗതാഗത സുരക്ഷാ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും, വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്ന നിമിഷം മുതല്‍ ഉത്തരവാദിത്തം ആരംഭിക്കുന്നുവെന്നും എല്ലാ യാത്രക്കാരും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ അത് അവസാനിക്കുന്നില്ലെന്നും ഡ്രൈവര്‍മാരെ ഓര്‍മിപ്പിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് പത്തു വയസില്‍ താഴെ പ്രായമുള്ള കുട്ടികളെ വാഹനങ്ങളില്‍ ഒറ്റക്കാക്കി പുറത്തിറങ്ങുന്നത് പിഴ ലഭിക്കുന്ന ഗതാഗത നിയമ ലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്‌ടേറ്റ് മുന്നറിയിപ്പ് നല്‍കിയത്.