ജിദ്ദ – സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും അടുത്ത ഞായറാഴ്ച മുതല്‍ അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു. പരമ്പരാഗത രീതിയില്‍ രജിസ്റ്ററില്‍ ഒപ്പിട്ട് ഹാജര്‍ രേഖപ്പെടുത്തുന്ന രീതി നാളെ അവസാനിക്കും. ഞായറാഴ്ച മുതല്‍ ഹാജര്‍ രേഖപ്പെടുത്താന്‍ ഏകീകൃത ഡിജിറ്റല്‍ സംവിധാനമായ ഹുദൂരി നിര്‍ബന്ധമാക്കും. വിദ്യാഭ്യാസ മേഖലയില്‍ തൊഴില്‍ അച്ചടക്കത്തിലും മാനവ വിഭവശേഷി മാനേജ്‌മെന്റിലും ഗുണപരമായ മാറ്റം കൈവരിക്കാനാണ് പുതിയ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്.
എല്ലാ പ്രവിശ്യകളിലെയും സ്‌കൂളുകള്‍ക്ക് പുതിയ സംവിധാനത്തില്‍ ജീവനക്കാരുടെ ഡാറ്റ രജിസ്റ്റര്‍ ചെയ്യുന്നത് പൂര്‍ത്തിയാക്കാന്‍ മന്ത്രാലയം അനുവദിച്ച രണ്ടാഴ്ചത്തെ സമയം അവസാനിച്ചതോടെയാണ് അടുത്ത ഞായറാഴ്ച മുതല്‍ ഡിജിറ്റല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നത്. ജീവനക്കാരുടെ ഡാറ്റ രജിസ്റ്റര്‍ ചെയ്യുന്ന പ്രക്രിയ നിശ്ചയിച്ച സമയത്തിനകം വിജയകരമായി പൂര്‍ത്തിയാക്കിയതായി മന്ത്രാലയം വ്യക്തമാക്കി. ഇത് പുതിയ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള പരിവര്‍ത്തനത്തിനായി എല്ലാ സ്‌കൂളുകളെയും പൂര്‍ണമായും സജ്ജമാക്കി.
ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നൂതന സംവിധാനം പ്രവര്‍ത്തിക്കുന്നത്. മുഖം, ശബ്ദം വിരലടയാളം ഉള്‍പ്പെടെ ഒന്നിലധികം ഓപ്ഷനുകള്‍ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലാ ജീവനക്കാര്‍ക്ക് അവരുടെ സ്വകാര്യ ഫോണുകള്‍ വഴി ഹാജര്‍, ഡ്യൂട്ടി കഴിഞ്ഞുള്ള പുറത്തിറങ്ങല്‍ എന്നിവ എളുപ്പത്തില്‍ രേഖപ്പെടുത്താന്‍ സാധിക്കും. വിവിധ സ്മാര്‍ട്ട് ഉപകരണങ്ങളുമായി പൊരുത്തപ്പെടുന്നതില്‍ വഴക്കമുള്ളതിനൊപ്പം, പരമ്പരാഗത വിരലടയാള ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും പരിപാലിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഈ സാങ്കേതികവിദ്യ ഇല്ലാതാക്കുന്നു. സിസ്റ്റത്തിന്റെ പ്രവര്‍ത്തന സംവിധാനങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം കൃത്യമായി നിര്‍വചിച്ചിട്ടുണ്ട്. രാവിലെ 6.15 മുതല്‍ ഉച്ചക്ക് 1.15 വരെ പ്രതിദിന ഔദ്യോഗിക ജോലി സമയം തുടര്‍ച്ചയായി ഏഴ് മണിക്കൂറാണ്. ഒരു ജീവനക്കാരന്‍ രാവിലെ 6.45 ന് ശേഷം എത്തിയാല്‍ വൈകിയതായി കണക്കാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. വൈകി എത്തുന്ന സമയം സിസ്റ്റം സ്വയമേവ കണക്കുകൂട്ടി ആകെ വൈകിയ സമയം ഏഴു മണിക്കൂറിലെത്തുമ്പോള്‍ ഒരു ദിവസത്തെ ശമ്പളം കുറക്കും.
കര്‍ശനമായ ഹാജര്‍ നിയന്ത്രണം ഉണ്ടായിരുന്നിട്ടും, സംവിധാനം പ്രവര്‍ത്തനപരമായ വഴക്കം നല്‍കുന്നു. ജീവനക്കാര്‍ക്ക് അവരുടെ നേരിട്ടുള്ള മേലധികാരിയില്‍ നിന്ന് മുന്‍കൂര്‍ അനുമതി നേടി അടിയന്തിര സാഹചര്യങ്ങളില്‍ വീട്ടില്‍ നിന്ന് അവധി അഭ്യര്‍ഥിക്കാന്‍ അനുവദിക്കുന്നു. ഓരോ വിദ്യാഭ്യാസ വകുപ്പിലും അവധി അപേക്ഷകളുടെ എണ്ണം മന്ത്രാലയം പരിമിതപ്പെടുത്തിയിട്ടുണ്ട്. ആപ്ലിക്കേഷനില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഉപകരണം മാസത്തില്‍ പരമാവധി രണ്ടു തവണ മാറ്റാന്‍ കഴിയും. പുതിയ ഉപകരണം അംഗീകരിക്കുന്നതിന് പ്രവിശ്യാ വിദ്യാഭ്യാസ വകുപ്പുമായി ആശയവിനിമം നടത്തണമെന്ന് വ്യവസ്ഥയുണ്ട്.