മക്ക – ഹജിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഹജിനുള്ള ഒരുക്കങ്ങള്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും ഹജ്, ഉംറ സ്ഥിരം കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ നേരിട്ട് വിലയിരുത്തി. തീര്‍ഥാടകരെ സ്വീകരിക്കാനായി പുണ്യസ്ഥലങ്ങളില്‍ പൂര്‍ത്തിയാക്കിയ ഒരുക്കങ്ങള്‍ ഗവര്‍ണര്‍ പരിശോധിച്ചു. ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്, മക്ക മേയര്‍ മുസാഅദ് അല്‍ദാവൂദ്, പൊതുസുരക്ഷാ വകുപ്പ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ബസ്സാമി എന്നിവരും പങ്കെടുത്തു. മക്ക-ജിദ്ദ എക്‌സ്പ്രസ്‌വേയില്‍ സ്ഥിതി ചെയ്യുന്ന ശുമൈസി ചെക്ക് പോസ്റ്റ് ആണ് ഡെപ്യൂട്ടി ഗവര്‍ണര്‍ ആദ്യം സന്ദര്‍ശിച്ചത്. തിരക്കേറിയ സീസണുകളില്‍ മക്കയിലേക്കുള്ള തീര്‍ഥാടകരുടെ വരവ് സുഗമമാക്കാനും വാഹന ഗതാഗതം സുഗമമാക്കാനുമായി ഏറ്റവും പുതിയ സ്മാര്‍ട്ട് സാങ്കേതികവിദ്യകള്‍ അടങ്ങിയ 16 ട്രാക്കുകള്‍ ശുമൈസി ചെക്ക് പോസ്റ്റിലുണ്ട്.
തുടര്‍ന്ന് പുണ്യസ്ഥലങ്ങളിലേക്ക് പുറപ്പെട്ട ഡെപ്യൂട്ടി ഗവര്‍ണറും സംഘവും 5,300 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയുള്ളതും 200 കിടക്ക ശേഷിയുള്ളതുമായ മിന എമര്‍ജന്‍സി ഹോസ്പിറ്റല്‍ 2 സന്ദര്‍ശിച്ചു. പുണ്യസ്ഥലങ്ങളിലെ 15 ഫീല്‍ഡ് ആശുപത്രികള്‍, അത്യാഹിത വിഭാഗങ്ങളിലെ സമ്മര്‍ദ്ദം ലഘൂകരിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള അടിയന്തര പരിചരണ സേവനങ്ങള്‍ എന്നിയെ കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് മുന്നില്‍ വ്യക്തമാക്കി. ജലവിതരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന മോണിറ്ററിംഗ് ആന്റ് കണ്‍ട്രോള്‍ സെന്ററും നടപടിക്രമങ്ങളില്‍ വേഗതയും കൃത്യതയും ഉറപ്പാക്കുന്ന ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കിദാന കമ്പനിയുടെ തസ്ലീം സെന്ററും സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പിന്നീട് സന്ദര്‍ശിച്ചു. പര്യടനത്തിന്റെ അവസാനത്തില്‍ മുസ്ദലിഫയിലെ മക്ക ഗവര്‍ണറേറ്റ് ആസ്ഥാനത്ത് ഹജ്, ഉംറ സ്ഥിരം കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി ഗവര്‍ണര്‍ ഹജുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തന പദ്ധതികള്‍ അവലോകനം ചെയ്തു.



